മലപ്പുറം: നാട് മുഴുവൻ കൊവിഡ് പ്രതിരോധത്തിലാണ്. ആരോഗ്യ പ്രവർത്തകരും പൊലീസും സർക്കാർ സംവിധാനങ്ങളുമെല്ലാം ഊണും ഉറക്കവും ഉപേക്ഷിച്ച് മഹാമാരിയെ നേരിടുകയാണ്. വിശപ്പും ഉറക്കവും ഉപേക്ഷിച്ച് കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായവർക്ക് സഹായവുമായി എത്തുകയാണ് മലപ്പുറത്തെ ട്രോമാ കെയർ പ്രവർത്തകർ. ഡ്യൂട്ടിയിലുള്ള പൊലീസുകാര്‍ക്കും മറ്റ് പ്രതിരോധ പ്രവർത്തകർക്കും ഭക്ഷണം തേടി അലയേണ്ട കാര്യമില്ല. ഭക്ഷണവിതരണത്തിലൂടെ ഇവര്‍ മനസും വയറും നിറയ്‌ക്കും.
എംബിഎച്ച് ആശുപത്രിയിലെ കാന്‍റീന്‍ നടത്തിപ്പുകാരനായ ഇസ്‌മായിലാണ് ഇവർക്കുള്ള ഭക്ഷണം സൗജന്യമായി നല്‍കുന്നത്. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും സൗജന്യ ഭക്ഷണ വിതരണം സജീവമാണ്. ഇത്തരത്തില്‍ തയ്യാറാക്കുന്ന ഭക്ഷണമാണ് ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ വിവിധ പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്ക് ഭക്ഷണവിതരണം ചെയ്യുന്നത്.