മലപ്പുറം: പൊന്നാനിയിൽ പുനർഗേഹം പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കായി നിർമിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്‍റെ സമർപ്പണം ഈ വർഷം ഓഗസ്റ്റിലുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ. 128 കുടുംബങ്ങൾ ഗുണഭോക്താക്കളാകുന്ന പദ്ധതിയുടെ ടൈൽ പതിക്കൽ, വൈദ്യുതി- ജലവിതരണം എന്നീ പ്രവർത്തികൾ കൂടിയാണ് പൂർത്തികരിക്കാനുള്ളത്.
പുനർഗേഹം പദ്ധതിയിൽ സ്ഥലം വാങ്ങുന്ന മത്സ്യത്തൊഴിലാളികൾക്ക് രജിസ്ട്രേഷനുള്ള തുക ആവശ്യമെങ്കിൽ മുൻകൂറായി നൽകും. ഇതിനായി രജിസ്ട്രേഷൻ നടപടികൾ ലഘൂകരിക്കുന്നതിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 100 കുടുംബങ്ങൾക്കുള്ള ഫ്ലാറ്റ് സമുച്ചയം കൂടി നിർദ്ദിഷ്ട പദ്ധതി സ്ഥലത്ത് നിർമിക്കും. ശേഷിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് ഫ്ലാറ്റ് നിർമിക്കുന്നതിനായി മത്സ്യത്തൊഴിലാളികളുടെ താത്പര്യം കൂടി പരിഗണിച്ച് സ്ഥലം ഏറ്റെടുക്കുമെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.
ALSO READ: സംസ്ഥാനം അൺലോക്കിലേക്ക്; ലോക്ക്ഡൗൺ മാർഗനിർദേശങ്ങളിൽ മാറ്റം
മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്കും ടൂറിസത്തിനും പരിഗണന നല്‍കിയുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിന് മുന്നോടിയായി വള്ളിക്കുന്ന് തീരദേശ മേഖലയിലും അദ്ദേഹം സന്ദര്‍ശനം നടത്തി. കടലുണ്ടിക്കടവ്, ആനങ്ങാടി ഫിഷ് ലാന്‍ഡിങ് സെന്റര്‍, മുദിയം ബീച്ച്, അരിയല്ലൂര്‍ പരപ്പാല്‍ ബീച്ച് എന്നിവിടങ്ങളാണ് സന്ദര്‍ശിച്ചത്.
കടലുണ്ടിക്കടവില്‍ മത്സ്യബന്ധന വള്ളങ്ങള്‍ നങ്കൂരമിടുന്ന പ്രദേശത്ത് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും പക്ഷിസങ്കേതം കൂടിയായ പ്രദേശത്തെ ടൂറിസം സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. മുദിയം ബീച്ചില്‍ പാലം പ്രവൃത്തി വേഗത്തില്‍ തുടങ്ങുമെന്നും കടലാക്രമണത്തില്‍ തകര്‍ന്ന അരിയല്ലൂര്‍ പരപ്പാല്‍ ബീച്ച് പ്രദേശത്തെ ടിപ്പുസുല്‍ത്താന്‍ റോഡ് പുനര്‍ നിര്‍മ്മിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ആനങ്ങാടി ഫിഷ് ലാന്‍ഡിങ് സെന്‍റർ മിനിഹാര്‍ബറാക്കി മാറ്റാനും പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി സജി ചെറിയാന്‍ കൂട്ടിച്ചേർത്തു.