മലപ്പുറം : ജിദ്ദയില്‍ നിന്ന് നാട്ടിലെത്തിയ പ്രവാസിയായ ജലീലിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കൊലപാതകവുമായി ബന്ധമുണ്ടെന്ന് കരുതുന്ന മറ്റ് അഞ്ച് പേര്‍ കസ്റ്റഡിയിലുണ്ടെന്നും കൂടുതല്‍ പേര്‍ പിടിയിലാകുമെന്നും മലപ്പുറം ജില്ല പൊലീസ് മേധാവി സുജിത് ദാസ് പറഞ്ഞു.
കൊല്ലപ്പെട്ട ജലീലിനെ ആശുപത്രിയിലെത്തിച്ച യഹിയയെ ഇതുവരെ കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും അയാള്‍ക്കായി അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്‌ത് വരികയാണ്. അറസ്റ്റിലായവര്‍ സ്വര്‍ണക്കടത്ത് അടക്കമുള്ള കേസുകളില്‍ മുമ്പ് ഉള്‍പ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നെടുമ്പാശ്ശേരി മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. മെയ് 15 നാണ് അട്ടപ്പാടി അഗളി സ്വദേശിയായ അബ്‌ദുല്‍ ജലീല്‍ ജിദ്ദയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തുന്നത്. എന്നാല്‍ ജലീലിനെ കൂട്ടിക്കൊണ്ടുവരാന്‍ നെടുമ്പാശ്ശരിയിലേക്ക് വരേണ്ടതില്ലെന്നും പ്രവാസിയായ സുഹൃത്തിനൊപ്പം പെരിന്തല്‍മണ്ണയില്‍ എത്തിക്കൊള്ളാമെന്നും ഇയാള്‍ കുടുംബത്തെ അറിയിച്ചിരുന്നു.
എന്നാല്‍ ജലീലിനെയും കാത്ത് കുടുംബം പെരിന്തല്‍മണ്ണയില്‍ ഏറെ നേരം നിന്നിട്ടും അദ്ദേഹം എത്തിയില്ല. ഒടുവില്‍ കസ്‌റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെന്ന വിവരമാണ് കുടുംബത്തിന് ലഭിച്ചത്. എന്നാല്‍ കുടുംബം നടത്തിയ അന്വേഷണത്തില്‍ ലഭിച്ച വിവരം ശരിയല്ലെന്ന് കണ്ടെത്തി. എന്നാല്‍ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം മലപ്പുറം ആക്കപറമ്പില്‍ ജലീലിനെ അവശ നിലയില്‍ കണ്ടെത്തിയെന്നും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ടെന്നു വിവരം ലഭിച്ചു.
also read: ലൈംഗികാതിക്രമം: ഭർതൃപിതാവിനെ അടിച്ചുകൊന്ന് യുവതി, സഹായത്തിന് സഹോദരനും
ജലീല്‍ നെടുമ്പോശ്ശേരിയെത്തി കുടുംബവുമായി ബന്ധപ്പെട്ട അതേ നമ്പറില്‍ നിന്ന് വീണ്ടും വിളി വരികയും അദ്ദേഹം ഗുരുതരാവസ്ഥയിലാണെന്ന് അറിയിക്കുകയും ചെയ്‌തു. മര്‍ദനത്തില്‍ ജലീലിന്‍റെ ആന്തരികാവയവങ്ങള്‍ക്കെല്ലാം പരിക്കേറ്റിരുന്നു. തുടര്‍ന്ന് വെന്‍റിലേറ്ററില്‍ ചികിത്സയിലിരിക്കുമ്പോഴാണ് മരിച്ചത്.
ജലീലിനെ കാണാതായി നാലാം ദിവസം ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ച യഹിയ എന്നയാള്‍ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.