മലപ്പുറം : മേച്ചിലിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിയെ മലപ്പുറം ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി. കൂട്ടിലങ്ങാടി ചീരക്കുഴി മുഹമ്മദ് എന്നയാളുടെ ഇരുപത് ദിവസം പ്രായമുള്ള ആട്ടിൻകുട്ടിയാണ് കിണറ്റിൽ വീണത്. കിണറിന് അറുപതടിയോളം താഴ്‌ചയും ആറടിയോളം വെള്ളവുമുണ്ടായിരുന്നു.
വെള്ളിയാഴ്‌ച ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. ഉടമസ്ഥനും വിവരമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും ആട്ടിൻകുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടൻ മലപ്പുറം അഗ്നി രക്ഷാനിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു.
ALSO READ: കരിമ്പുഴയിൽ കുട്ടിയാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി
സ്റ്റേഷൻ ഓഫിസർ എം. അബ്‌ദുള്‍ ഗഫൂറിന്‍റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ് സംഘം സംഭവസ്ഥലത്ത് എത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ (ഗ്രേഡ്) എൻ. ജയകുമാർ അതിസാഹസികമായി കിണറ്റിൽ ഇറങ്ങി ചെയർ നോട്ടിന്‍റെയും റോപ്പിന്‍റെയും സഹായത്തോടെ ആട്ടിൻകുട്ടിയെ സുരക്ഷിതമായി കരയ്‌ക്കെത്തിക്കുകയായിരുന്നു.
കിണറ്റിൽ വെള്ളമുണ്ടായിരുന്നതിനാൽ ആട്ടിൻകുട്ടിക്ക് കാര്യമായ പരിക്കൊന്നുമുണ്ടായില്ല. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ജി. സുനിൽകുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ പി. മുഹമ്മദ് ഷിബിൻ, എം. ബിപിൻ ഷാജു, കെ. നവീൻ, പി.അമൽ, കെ.സുജിത് എന്നിവരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.