മലപ്പുറം: കൊവിഡ് വ്യാപനത്തെ തടയാൻ പ്രഖ്യാപിച്ച ലോക്‌ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചതോടെ നിലമ്പൂരിൽ വ്യാജമദ്യ നിർമാണം സജീവമാകുന്നു. വ്യാജ മദ്യ നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരാഴ്ചക്കിടെ നാല് പേര്‍ എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായി. ഇവരില്‍ നിന്ന് വാഷും മറ്റ് വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തിരുന്നു. അമരമ്പലം പഞ്ചായത്തിലെ പൊട്ടിക്കല്ല് കെ.പി.എം എസ്റ്റേറ്റിന് സമീപം കാട്ടുചോലയിൽ നാടൻ ചാരയ വാറ്റ് കേന്ദ്രം കണ്ടെത്തി. ഇവിടെ നിന്നും വാറ്റ് ഉപകരണങ്ങളും 70 ലിറ്റർ വാഷും പിടിച്ചെടുത്തു. പ്ലാസ്റ്റിക്ക് കുടങ്ങളിലാണ് വാഷ് സൂക്ഷിച്ചിരുന്നത്. പ്രതിക്കായി എക്‌സൈസ് അന്വേഷണം ഊർജിതമാക്കി. നിലമ്പൂർ റെയ്ഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ പി.സുധാകരന്‍റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
നിലമ്പൂർ ജവഹർ കോളനി ഭാഗത്തു നിന്നും 60 ലിറ്റർ വാഷും പിടിച്ചെടുത്തിട്ടുണ്ട്. മുത്തിരി, അണ്ടിപരിപ്പ് തുടങ്ങിയവ ചേർത്താണ് വ്യാജമദ്യം തയ്യാറാക്കിയിരുന്നത്. എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി.കൃഷ്ണ കുമാറിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വഴിക്കടവ് വെള്ളക്കട്ടയിൽ കാരക്കോടൻ പുഴയുടെ തീരത്ത് 13 പ്ലാസ്റ്റിക്ക് കുടങ്ങളിലായി സൂക്ഷിച്ചിരുന്ന 195 ലിറ്റർ വാഷ് കണ്ടെത്തി. സംഭവത്തില്‍ കേസെടുത്തു. സമീപത്ത് നിന്നും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്തു.
നിലമ്പൂർ മേഖലയിൽ വ്യാജമദ്യ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്ന് നിലമ്പൂർ റെയ്ഞ്ചിലെ പ്രിവന്‍റീവ് ഓഫീസർ റെജി തോമസ് പറഞ്ഞു. മേഖലയിലെ പഴയ നാടൻ വാറ്റുകാരുടെ ലിസ്റ്റും എക്‌സൈസ് വകുപ്പ് ശേഖരിച്ചു തുടങ്ങി. നിലമ്പൂർ മേഖലയിലെ ചില സൂപ്പർ മാർക്കറ്റുകളിൽ നിന്നും പലചരക്ക് കടകളിൽ നിന്നും വാറ്റുകാർ വ്യാപകമായി ശർക്കര വാങ്ങി പോകുന്നതും എക്‌സൈസിന്‍റെ ശ്രദ്ധയിപ്പെട്ടിട്ടുണ്ട്. പോത്തുകൽ, ചാലിയാർ, വഴിക്കടവ്, അമരമ്പലം, എടക്കര പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ നാടൻ ചാരായ നിർമാണം വീണ്ടും ആരംഭിച്ചിട്ടുണ്ട്.