മലപ്പുറം: സ്വാമി വേഷം ധരിച്ച് വാടകക്കെടുത്ത കാറിൽ കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് പേരെ ആന്‍റി നാര്‍ക്കോട്ടിക് സംഘം പിടികൂടി. കൊണ്ടോട്ടി സ്വദേശികളായ കുന്നത്തും പൊറ്റ സുജിത്, അച്ചു തൊടിയിൽ സുബിൻ എന്നിവരാണ് പിടിയിലായത്. വിൽപനക്കായി സൂക്ഷിച്ച എട്ട് കിലോ കഞ്ചാവാണ് ഇവരിൽ നിന്ന് പിടികൂടിയത്. ഇന്ന് പുലർച്ചെ ഓമാനൂരിലാണ് സംഭവം.
ശബരിമലയിലേക്ക് പോകുന്ന സ്വാമിമാരാണെന്ന വ്യാജേന കറുപ്പ് മുണ്ടും മാലയുമായിരുന്നു പ്രതികളുടെ വേഷം. കഴിഞ്ഞയാഴ്‌ച ആറ് കിലോ കഞ്ചാവുമായി മേലാറ്റൂർ സ്വദേശിയായ പ്രതീപിനെ ജില്ലാ ആന്‍റി നാര്‍ക്കോട്ടിക് സംഘം പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിലൂടെയായിരുന്നു ഇവരെ കുറിച്ച് വിവരം ലഭിച്ചത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി പി.പി.ഷംസിന്‍റെ നേതൃത്വത്തിലായിരുന്നു പരിശോധന.