മലപ്പുറം : അങ്ങാടിപ്പുറം ഗവണ്‍മെന്‍റ് പോളിടെക്‌നിക്കില്‍ ഇലക്‌ട്രിക്കല്‍ വിഭാഗത്തില്‍ അധ്യാപകനായ മലപ്പുറം സ്വദേശി സലിമിന്‍റെ വീട്ടില്‍ ഒരു അതിഥിയുണ്ട്. സലിം ചുളമടിച്ചാല്‍ ഉടന്‍ തന്നെ ഈ വിരുതന്‍ അദ്ദേഹത്തിന്‍റെ അടുത്തേക്ക് പറന്നെത്തും. ഫുട്‌ബോള്‍ ലോകപ്പിന്‍റെ സമയത്ത് സലിമിന്‍റെ വീട്ടിലേക്ക് ഈ കൊക്ക് എത്തി, പിന്നീട് അവിടെ സ്ഥിരതാമസമാക്കി.
ഇപ്പോള്‍ മൂന്ന് മാസത്തോളമായി സലിമുമായി ചങ്ങാത്തത്തിലാണ് ഈ കൊക്ക്. വീട്ടില്‍ ഒത്തിരി അംഗങ്ങളുണ്ടെങ്കിലും കൊക്കിന് പ്രിയം കൂടുതല്‍ സലിമിനോടാണ്. ദിവസവും രണ്ട് നേരം കൃത്യമായി കൊക്കിന് വേണ്ട ആഹാരം നല്‍കുന്നതുകൊണ്ടാണിതെന്ന് സലിം പറയുന്നു.
ചെറുമീനുകളോടാണ് സലിമിന്‍റെ ചങ്ങാതിയായ കൊക്കിന് താല്‍പര്യം കൂടുതല്‍. വലിയ മീനുകളെ ചെറുകഷണങ്ങളാക്കിയും നല്‍കാറുണ്ട്. കൂടാതെ ഈ വിരുതന് വേണ്ടി രണ്ട് കുളവും സലിം നിര്‍മ്മിച്ചിട്ടുണ്ട്.
രണ്ട് പ്രാവശ്യം കൊക്ക് സലിമിന്‍റെ വീട് വിട്ട് പോയിരുന്നു. ഈ പോക്കില്‍ തിരികെ വരില്ലെന്നാണ് ഈ കുടുംബം കരുതിയിരുന്നത്. എന്നാല്‍ പിന്നീട് കൊക്ക് തിരികെ എത്തുകയാണ് ഉണ്ടായതെന്നും സലിം പറഞ്ഞു.
എന്നാല്‍ ഇപ്പോള്‍ പതിവായി വൈകുന്നേരം ആറ് മണിയോടെ തന്നെ കൊക്ക് പറന്നുപോകും. എന്നിട്ട്, അടുത്ത ദിവസം രാവിലെയാണ് മടങ്ങിയെത്തുന്നതെന്നും സലിം വ്യക്തമാക്കി.