മലപ്പുറം: ഭൗമസൂചികാ പട്ടികയില്‍ ഇടം നേടിയ എടയൂര്‍ മുളകിന്‍റെ പേരിലായിരിക്കും വളാഞ്ചേരിയിലെ എടയൂര്‍ ഗ്രാമം ഇനി അറിയപ്പെടാന്‍ പോകുന്നത്. പ്രധാനമായും കൊണ്ടാട്ടം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന എടയൂര്‍ മുളകിന്‍റെ പുതിയ പദവിയില്‍ സന്തോഷം പങ്കുവയ്ക്കുകയാണ് എടയൂരിലെ കർഷകരും കൃഷിഭവൻ ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭരണസമിതിയും.
ഭൗമസൂചികാ പട്ടികയിൽ ഇടം നേടിയതോടെ എടയൂർ മുളകിന്‍റെ മാർക്കറ്റ് വില ഇനി പഞ്ചായത്തിന് നിശ്ചയിക്കാം. കൂടാതെ മുളകിന്‍റെ വിൽപ്പനയും പഞ്ചായത്തിന്‍റെ അധികാരപരിധിയില്‍ വരും. എടയൂർ, വടക്കുംപുറം, പൂക്കാട്ടിരി, അത്തിപ്പറ്റ തുടങ്ങിയ സ്ഥലങ്ങളിലാണ് പ്രധാനമായും മുളക് കൃഷി ചെയ്യുന്നത്. ഓണത്തോടനുബന്ധിച്ച് വിളവെടുപ്പ് നടത്താനിരിക്കുന്ന എടയൂര്‍ മുളകിന്‍റെ പ്രധാന വിപണന കേന്ദ്രങ്ങൾ എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളാണ്.
കഴിഞ്ഞ വര്‍ഷം എടയൂരിലെ കേരഗ്രാമം പദ്ധതിയുടെ ഉദ്‌ഘാടനത്തിന് എത്തിയപ്പോള്‍ കൃഷിവകുപ്പ് മന്ത്രി സുനില്‍ കുമാറിനെ പഞ്ചായത്ത്-കൃഷി വകുപ്പ് അധികൃതര്‍ എടയൂര്‍ മുളകിന്‍റെ പ്രത്യേകതകള്‍ ബോധ്യപ്പെടുത്തിയിരുന്നു. പേറ്റന്‍റ് അനുവദിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇപ്പോള്‍ എടയൂർ ഗ്രാമത്തിന്‍റെ എരിവില്ലാത്ത പച്ചമുളക് ലോക ശ്രദ്ധയിലേക്ക് എത്തിയിരിക്കുകയാണ്.