മലപ്പുറം: കൊണ്ടോട്ടിയിൽ മാരക ലഹരി മരുന്നുമായി എടവണ്ണ സ്വദേശി പിടിയിൽ. എയർപോർട്ട് പരിസരം കേന്ദ്രീകരിച്ച് മാരക ലഹരി മരുന്നായ എംഡിഎംഎ വില്‌പന നടത്താനായി വന്ന രണ്ട് അംഗ സംഘത്തിലെ ഒരാളെയാണ് ആന്‍റി നർക്കോട്ടിക്ക് സ്ക്വോഡും കൊണ്ടോട്ടി പൊലീസും ചേർന്ന് പിടികൂടിയത്. ഒരാൾ ഓടി രക്ഷപെട്ടു. കൊണ്ടോട്ടി നയാ ബസാറിൽ വച്ചാണ് എടവണ്ണ സ്വദേശി അറയിലകത്ത് റിഥാൻ ബാസിൽ (26) എന്നയാളെ പിടികൂടിയത്.
ഇയാളിൽ നിന്നും 15ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ലഹരി കടത്തിന് ഉപയോഗിച്ച ജീപ്പും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാർട്ടി ഡ്രഗ് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന അതിമാരക വിഭാഗത്തിൽപ്പെടുന്ന ഈ ലഹരി മരുന്ന് വളരെ ചെറിയ അളവിൽ കൈവശം വച്ചാൽ പോലും വലിയ ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.
ഗോവ, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും വിദ്യാർഥികളെ ഉപയോഗിച്ച് നാട്ടിലെത്തിക്കുന്ന ലഹരി കടത്തു സംഘം ഗ്രാമിന് 3500 മുതൽ 5000 രൂപവരേയാണ് പണം ഈടാക്കുന്നത്. പിടിയിലായ ആളെ ചോദ്യം ചെയ്തതിൽ പ്രദേശത്തെ നിരവധി ചെറുതും വലുതുമായ കച്ചവടക്കാരെക്കുറിച്ചും ഉപയോഗിക്കുന്ന വിദ്യാർഥികളെ കുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്.