മലപ്പുറം: നിലമ്പൂർ നഗരസഭയുടെ വാർഷിക പദ്ധതികൾക്ക് ഡി പി സിയുടെ അംഗീകാരം ലഭിച്ചതായി നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലീം. നഗരസഭ ബോർഡ് യോഗത്തിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 285 പദ്ധതികളാണ് ഡി പി സിയുടെ അംഗീകാരത്തിനായി നഗരസഭ സമർപ്പിച്ചിരുന്നത്.
മുഴുവൻ പദ്ധതികൾക്കും അംഗീകാരം ലഭിച്ചത് നഗരസഭയുടെ വികസന പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുമെന്നും ചെയർമാൻ പറഞ്ഞു. 2022-2023 വാർഷിക പദ്ധതികൾക്കായി 25 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. നഗരസഭ ഇത്രയും അധികം പദ്ധതികൾ സമർപ്പിക്കുന്നത് ആദ്യമായാണ്.
എല്ലാ മേഖലകൾക്കും പരിഗണന നൽകിയാണ് പദ്ധതികൾ സമർപ്പിച്ചിരുന്നത്. നഗരസഭയുടെ മുതുകാടുള്ള സ്ഥലത്ത് ഓട്ടിസം പാർക്ക്, ഭിന്നശേഷി അക്കാദമി ആന്‍റ് റിസർച്ച് പാർക്ക്, നീന്തൽ പരിശീലനത്തിയായി ചൂര കുളത്ത് നീന്തൽ കുളം എന്നിവ പദ്ധതികളിൽ ഉൾപ്പെടുന്നു. സംസ്ഥാനത്ത് ഓട്ടിസം പാർക്കുകൾക്ക് 4 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മാത്രമാണ് അംഗികാരം ലഭിച്ചത്. അതിൽ ഒന്ന് നിലമ്പൂർ നഗരസഭയാണ്.
10 ലക്ഷം രൂപ നഗരസഭ നീക്കി വയ്ക്കുമ്പോൾ 60 ലക്ഷം രൂപ പി വി അൻവർ എംഎൽഎ ആസ്‌തി വികസന ഫണ്ടിൽ നിന്നും നൽകും. ഭിന്നശേഷി അക്കാദമി ആന്‍റ് റിസർച്ച് പാർക്കിന് 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. നഗരസഭ പരിധിയിലെ വിദ്യാർഥികൾക്ക് നീന്തൽ പരിശീലനത്തിനായി ചൂര കുളം നവീകരിച്ച് നീന്തൽ കുളം നിർമിക്കാനാണ് പദ്ധതി.
നഗരസഭയിലെ ലൈഫ് ഭവന പദ്ധതി ലിസ്റ്റിന് വെള്ളിയാഴ്‌ച നടന്ന ബോർഡ് യോഗത്തിൽ അംഗീകാരം നൽകിയതായും ചെയർമാൻ പറഞ്ഞു.