മലപ്പുറം: മുസ്ലീം ലീഗിനെതിരായ വിമര്‍ശനങ്ങള്‍ മറ്റൊരു തരത്തില്‍ വ്യാഖ്യാനിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ എ വിജയരാഘവന്‍. മതമൗലിക വാദികളുമായി ബന്ധം സ്ഥാപിച്ച് അധികാരം പിടിച്ചെടുക്കാനുള്ള മുസ്‌ലിം ലീഗിന്‍റെ പരിശ്രമങ്ങളെ വിമര്‍ശിക്കുന്നത് മറ്റൊരുതരത്തില്‍ വ്യാഖ്യാനിക്കുന്നു. രാഷ്ട്രീയ ലഭത്തിനായാണ് ഇത്തരം എളുപ്പവഴികള്‍ തേടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്‌ലിം ലീഗിനെ വിമര്‍ശിച്ചാല്‍ ഒരു മതത്തെ വിമര്‍ശിക്കുന്നു എന്ന് വരുത്താന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നു. ലീഗ് നേതാക്കന്‍മാര്‍ അഴിമതി ആരോപണം നേരിടുന്ന സാഹചര്യമാണ്. രണ്ട് എംഎല്‍എമാര്‍ നിയമകുരുക്കിലും. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയുമാണ്. ഈ അടുത്തകാലത്ത് ലീഗ് കൂടുതല്‍ മതമൗലികവാദ ആശയങ്ങളിലേക്ക് നീങ്ങുകയാണ്. സ്വാഭാവികമായും അവരുടെ നിലപാടുകളെ രാഷ്ട്രീയമായി എതിര്‍ക്കും. വര്‍ഗീയ വാദവുമായി ബന്ധപ്പെട്ട് എല്ലാകാലത്തും തീവ്ര ഹിന്ദുത്വത്തെ എതിര്‍ത്ത പാര്‍ട്ടിയാണ് ഇടതുപക്ഷം. കേന്ദ്രത്തില്‍ സംഘപരിവാര്‍ അധികാരത്തിലെത്തിയ ശേഷം എല്ലാ മേഖലയിലും അവര്‍ മേധാവിത്വം നേടാന്‍ ശ്രമിക്കുകയാണ്.
ഇതിനെതിരെ പ്രതിരോധം സംഘടിപ്പിക്കുക എന്നതാണ് ഇടതുപക്ഷത്തിന്‍റെ നിലപാട്. സംഘപരിവാര്‍ നടപ്പിലാക്കിയ നിയമ നിര്‍മാണങ്ങളെ സിപിഎം എതിര്‍ക്കുകയും ചെയ്യുന്നു. കേരളത്തിലും സംഘപരിവാറിനെ പ്രതിരോധിച്ചത് സിപിഎമ്മാണ്. ഇക്കാര്യത്തില്‍ യുഡിഎഫ് സമീപനം നേരെ തിരിച്ചായിരുന്നു. കേരളത്തില്‍ ബിജെപി ഒരു ശക്തിയല്ല എന്നാണ് യുഡിഎഫ് പ്രചരിപ്പിച്ചത്. അതിനര്‍ഥം ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികളോടുള്ള മൃദുസമീപനമാണെന്നും ഇത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചെന്നും അദ്ദേഹം പറഞ്ഞു.