മലപ്പുറം: റെയിൽവേ പാളത്തിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് ട്രെയിൻ ഗതാഗതം തടസപ്പെട്ടു. നാട്ടുകാരുടെ സമയോചിതമായ ഇടപെടലിലൂടെ വന്‍ അപകടം ഒഴിവായി. തിരൂർ ചിറക്കൽ ഭാഗത്താണ് ഒന്നര മണിക്കൂറോളം ട്രെയിൻ ഗതാഗതം തടസപ്പെട്ടത്. ഇതുവഴി വന്ന നാട്ടുകാരാണ് ഒമ്പത് മണിയോടെ പാളത്തിൽ വിള്ളല്‍ കണ്ടത്. ഇതേ തുടര്‍ന്ന് കണ്ണൂര്‍- കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിന്‍ ചുവന്ന ടീഷര്‍ട്ട് അടയാളമാക്കി വീശി നാട്ടുകാര്‍ തടയുകയും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്‌തു.
ഉടന്‍ തന്നെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പാളത്തിലെ തകരാര്‍ താല്‍ക്കാലികമായി പരിഹരിച്ചു. ട്രാക്കിലെ തകരാര്‍ പൂര്‍ണമായും പരിഹരിക്കുന്നതിനായി വിദഗ്‌ധ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ട്രെയിനുകള്‍ വേഗത കുറച്ചാണ് ഇതുവഴി കടത്തിവിടുന്നത്.