മലപ്പുറം: സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട പാർട്ടി തീരുമാനത്തിനെതിരേ സ്ത്രീകളടക്കമുള്ള പ്രവർത്തകർ തെരുവിലിറങ്ങുക. പ്രതിഷേധങ്ങളെ പാടേ അവഗണിച്ച് പാർട്ടി തീരുമാനം നടപ്പാക്കുക. തെരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലം ശ്രദ്ധാകേന്ദ്രമായത് ഇക്കാരണത്താലാണ്. എന്നാൽ, പാർട്ടിതീരുമാനം ശരിയായിരുന്നു എന്നു തെളിയിക്കുന്ന ജനവിധിയാണ് പൊന്നാനിയിലെ ഇടതു സ്ഥാനാർഥി പി. നന്ദകുമാറിന്‍റെ വിജയം.
പ്രതിഷേധങ്ങൾ പൊന്നാനിയുടെ തീരത്ത് ശക്തമായി ആഞ്ഞടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ് കേന്ദ്രങ്ങൾ. എന്നാൽ, പ്രതിഷേധക്കാറ്റ് പൊന്നാനിയുടെ തീരം തൊടാതെപോയ കാഴ്ചയാണ് തെരഞ്ഞെടുപ്പു ഫലത്തിൽ കണ്ടത്. എല്ലാം കൊണ്ടും സി.പി.എമ്മിന് അഭിമാനിക്കാൻ വക നൽകുന്നതാണ് പൊന്നാനിയിലെ വിജയം. യു.ഡി.എഫിൽനിന്ന് 2006-ൽ പാലോളി മുഹമ്മദ് കുട്ടി മണ്ഡലം തിരിച്ചുപിടിച്ചതിനുശേഷം ഇടതുപക്ഷം അത് വിട്ടുകൊടുത്തിട്ടില്ല.
പാലോളി മുഹമ്മദ് കുട്ടിക്ക് ശേഷം രണ്ടുതവണ പി. ശ്രീരാമകൃഷ്ണനിലൂടെയാണ് പൊന്നാനിമണ്ഡലം എൽ.ഡി.എഫ്. നിലനിർത്തിയത്. പി. ശ്രീരാമകൃഷ്ണനെ വീണ്ടും സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പോസ്റ്ററുകൾ നഗരത്തിൽ പ്രത്യക്ഷപ്പെട്ടു. ഇതിനിടെ പാർട്ടി ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും പൊന്നാനിയിലെ മുൻ ഏരിയാ സെക്രട്ടറിയുമായ ടി.എം. സിദ്ദീഖിന്‍റെ പേരും ഉയർന്നുവന്നു. ജില്ലാ സെക്രട്ടേറിയേറ്റ് സംസ്ഥാനകമ്മിറ്റിക്ക് നൽകിയ പട്ടികയിലും ടി.എം. സിദ്ദീഖിന്‍റെ പേരുണ്ടായിരുന്നു. എന്നിട്ടും നന്ദകുമാറിന്‍റെ പേര് സാധ്യതാപട്ടികയിൽ ഇടംപിടിച്ചതിനെത്തുടർന്നാണ് ടി.എം. സിദ്ദീഖിനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യവുമായി അണികൾ തെരുവിലിറങ്ങിയത്.
എന്നാൽ, തീരുമാനത്തിൽ സംസ്ഥാന നേതൃത്വം ഉറച്ചുനിന്നതോടെ പ്രതിഷേധം കെട്ടടങ്ങി. അവരുടെ വികാരം വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്ന പ്രതീക്ഷയിലായിരുന്നു യു.ഡി.എഫ്. ശ്രീരാമകൃഷ്ണനുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും യു.ഡി.എഫിന് പ്രതീക്ഷ നൽകിയിരുന്നു. തെരഞ്ഞെടുപ്പു ഫലത്തിൽ ഏതെങ്കിലും തരത്തിൽ തിരിച്ചടി നേരിട്ടിരുന്നുവെങ്കിൽ പാർട്ടി തീരുമാനം ചോദ്യം ചെയ്യപ്പെടുമായിരുന്നു. വിവാദങ്ങൾ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചുവെന്ന പഴി ശ്രീരാമകൃഷ്ണനും കേൾക്കേണ്ടിവന്നേനേ. കഴിഞ്ഞ തവണത്തേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ പൊന്നാനിതീരത്ത് ചെങ്കൊടി പാറിക്കാൻ കഴിഞ്ഞത് സി.പി.എമ്മിന് നൽകുന്ന ആശ്വസവും അഭിമാനവും ചെറുതല്ല.