മലപ്പുറം: കൊവിഡ് 19 വൈറസ് വ്യാപനത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പി.വി.അൻവർ എം.എൽ.എ. ചുങ്കത്തറ സി.എച്ച്.സിയിൽ നടന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ചുങ്കത്തറ സ്വദേശിയായ 30കാരന് കൊവിഡ് സ്ഥീരികരിച്ചതിനെ തുടർന്നാണ് അവലോകന യോഗം ചേർന്നത്.
വൈറസ് ബാധ സ്ഥിരീകരിച്ച ചുങ്കത്തറ സ്വദേശി നേരിട്ടും അല്ലാതെയും ഇടപെട്ട 45പേരുടെ രക്തസാമ്പിൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പരിശോധനക്കയച്ചു. പരിശോധനാ ഫലം വന്നതിന് ശേഷം മാത്രമേ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ കാര്യങ്ങൾ പറയാനാകു. ഇവരെ 28 ദിവസം നീരിക്ഷണത്തിന് വിധേയമാക്കും. സമ്പർക്ക പട്ടികയിൽ നേരിട്ട് ഇടപഴകിയ കട ഉടമകൾ, തൊഴിലാളികൾ എന്നിവരെ വീടുകളിലോ കെയർ സെൻ്ററുകളിലോ നീരിക്ഷണത്തിന് വിധേയമാക്കും. പൊലീസ് പ്രഥമിക റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്.
നിലമ്പൂർ, ചുങ്കത്തറ ഉൾപ്പെടെ നിലമ്പൂർ മണ്ഡലത്തിലെ മുഴുവൻ ജനങ്ങളും കൂടുതൽ ജാഗ്രത പാലിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ചുങ്കത്തറ സി.എച്ച്.സിക്ക് കീഴിൽ 3 ജീപ്പുകളിലായി ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പുമായി വാഹന പ്രചരണം ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
സർക്കാർ നിർദ്ദേശങ്ങൾ പൂർണമായി പാലിക്കണമെന്ന് പി.വി അബ്‌ദുൾ വഹാബ് എംപി പറഞ്ഞു. അതേസമയം നിസാമുദ്ദിൻ സമ്മേളനത്തിൽ പങ്കെടുത്ത ചുങ്കത്തറ സ്വദ്ദേശി നാട്ടിൽ എത്തിയപ്പോൾ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നതായി നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി.സുഗതൻ പറഞ്ഞു. ആരോഗ്യ വകുപ്പ് ഇടപ്പെട്ട് ഇയാളെ വീട്ടിൽ നിരിക്ഷണത്തിലാക്കിയിരുന്നതായും നിർദേശം ലംഘിച്ച് ഇയാൾ പുറത്തിറങ്ങിയതാണ് ഇന്നത്തെ സാഹചര്യത്തിന് വഴിയൊരുക്കിയതെന്നും പി.വി സുഗതൻ പറഞ്ഞു.