മലപ്പുറം: നിലമ്പൂരിലെ കാട്ടാന ശല്യം രൂക്ഷമായത് അധികൃതരുടെ അനാസ്ഥ കാരണമെന്ന് ആരോപിച്ച് കോൺഗ്രസ് ഡി.എഫ്.ഒ ഓഫീസിലേക്ക് മാർച്ച് നടത്തി. നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാർച്ച് ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് ഉദ്ഘാടനം ചെയ്തു.
വന്യജീവി ശല്യം മൂലം പൊറുതിമുട്ടിയ നിലമ്പൂർ മേഖലയെ വന്യജീവി സംരക്ഷണ കേന്ദ്രമാക്കി മാറ്റുകയാണ് എൽ.ഡി.എഫ് സർക്കാർ ചെയ്യതതെന്ന് ആര്യാടൻ മുഹമ്മദ് പറഞ്ഞു. ഇതോടെ ഒരിക്കലും പരിഹരിക്കാൻ കഴിയാത്ത വിഷയമായി വന്യമൃഗശല്യം മാറും. കരിമ്പുഴ വന്യജീവി, സംരക്ഷണ കേന്ദ്രമാക്കിയതിന്‍റെ പൂർണ്ണ ഉത്തരവാദിത്വം എൽ.ഡി.എഫ് സർക്കാറിനാണെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു.
നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്‍റ് എ.ഗോപിനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡി.സി.സി.പ്രസിഡന്‍റ് വി.വി.പ്രകാശ്, കെ.പി.സി.സി.ജനറൽ സെക്രട്ടറി വി.എ.കരീം കെ.പി.സി.സി അംഗം ആര്യാടൻ ഷൗക്കത്ത്, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെ ക്രട്ടറി പത്മിനി ഗോപിനാഥ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഡി.സി.സി പ്രസിഡന്‍റ് വി.വി.പ്രകാശിന്‍റെ നേതൃത്വത്തിൽ നിലമ്പൂർ നോർത്ത് ഡി എഫ് ഒ മാർട്ടിൻ ലോവലിന് നിവേദനവും നൽകി.
വന്യമൃഗശല്യം പരിഹരിക്കാൻ നിലമ്പൂർ ടൗണിൽ ഉൾപ്പെടെ നടപടികൾ സ്വീകരിക്കുമെന്നും ഡി.എഫ്.ഒ ഉറപ്പ് നൽകി. സർക്കാർ തലത്തിൽ അടിയന്തര നടപടി ഉണ്ടായില്ലെക്കിൽ കോൺഗ്രസ് സമരം ശക്തമാക്കുമെന്ന് വി.വി.പ്രകാശ് പറഞ്ഞു. നിവേദനത്തിൽ ഉന്നയിച്ച ആവശ്യങ്ങൾ പരിഹരിക്കുമെന്ന് ഡി.എഫ്.ഒ ഉറപ്പ് നൽകിയതായി വി.എ.കരീം, ആര്യാടൻ ഷൗക്കത്ത് എന്നിവർ പറഞ്ഞു.