മലപ്പുറം: മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് വിട നൽകി നാട്. നിലമ്പൂർ മുക്കട വലിയ ജുമാമസ്‌ജിദിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു കബറടക്കം. മലബാറിലെ കോൺഗ്രസിന്‍റെ കരുത്തനായ നേതാവിനെ അവസാനമായി കാണാൻ ആയിരങ്ങളാണ് എത്തിയത്.
വൃക്കസംബന്ധമായ അസുഖങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എഴുപത് വർഷം നീണ്ട രാഷ്‌ട്രീയ ജീവിതത്തിനാണ് വിരാമമായത്. രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ കഴിഞ്ഞ ദിവസം അന്തിമോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.
എട്ട് തവണയാണ് ആര്യാടൻ നിലമ്പൂരിൽ നിന്ന് നിയമസഭയിലെത്തിയത്. 1980ൽ നായനാർ മന്ത്രിസഭയിൽ തൊഴിൽ, വനം മന്ത്രിയായിരുന്നു. എ.കെ ആന്‍റണി മന്ത്രിസഭയിൽ തൊഴിൽ, ടൂറിസം വകുപ്പ് മന്ത്രിയായിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്‌തു. എട്ട് തവണ നിലമ്പൂരിൽ നിന്ന് നിയമസഭയിലെത്തി. യുഡിഎഫിലായിട്ടും മലപ്പുറത്തെ ലീഗിനോട് പടപൊരുതിയ മുട്ടുമടക്കാത്ത നേതാവായിരുന്നു ആര്യാടൻ.