മലപ്പുറം: ചാലിയാറിൽ യു.ഡി.എഫ് ഭരണം തിരിച്ചുപിടിക്കുമെന്ന് കോൺഗ്രസ് ചാലിയാർ മണ്ഡലം പ്രസിഡന്‍റ് നാലകത്ത് ഹൈദരലി. അഞ്ച് വർഷത്തെ ഇടതുപക്ഷ ഭരണത്തിൽ ചാലിയാറിൽ ഒരു വികസന പ്രവർത്തനവും നടന്നിട്ടില്ല. 14 വാർഡുകളിലും യു.ഡി.എഫിനാണ് മുൻതൂക്കം. 10-ൽ കുറയാത്ത വാർഡുകളിൽ വിജയിച്ച് മികച്ച ഭൂരിപക്ഷതോടെ യു.ഡി.എഫ് അധികാരത്തിൽ വരുമെന്ന് ഹൈദരലി പറഞ്ഞു. ചാലിയാർ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ വികസനമാണ് പ്രധാനമായും എൽ.ഡി.എഫ് എടുത്തു പറയുന്നത്. എന്നാൽ കുടുംബാരോഗ്യ കേന്ദ്രത്തിന്‍റെ വികസനത്തിന് കൂടുതൽ ഫണ്ട് നൽകിയത് പി.കെ.ബഷീർ എം.എൽ.എയാണ്. പ്രളയബാധിതർക്ക് പഞ്ചായത്ത് ഒന്നും നൽകിയില്ല. പഞ്ചായത്ത് പ്രസിഡന്‍റ് ഓടി നടന്നതല്ലാതെ ഒന്നും പ്രളയബാധിതർക്കായി ലഭിച്ചില്ല. കണ്ണംകുണ്ടിലെ പുനരധിവാസം പോലും യഥാർത്ഥ്യമാക്കാൻ എൽ.ഡി.എഫിന് കഴിഞ്ഞില്ലെന്നും അദേഹം പറഞ്ഞു.
അതേസമയം കോൺഗ്രസ് സ്ഥാനാർഥി നിർണയം വാർഡ് കമ്മറ്റികളുടെ അഭിപ്രായത്തിന് മുൻഗണന നൽകിയാണ് നടപ്പാക്കുന്നത്. എല്ലാവർക്കും അവസരം നൽകുന്ന നയമാണ് പാർട്ടിക്കുള്ളത്. അല്ലാതെ ചില കുടുംബങ്ങൾക്ക് മാത്രം മുൻഗണന നൽകുന്ന രീതിയില്ല. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു ഭിന്നതയുമില്ലെന്നും ഹൈദരലി പറഞ്ഞു. കളക്കുന്ന് വാർഡ് ഉൾപ്പടെ യു.ഡി.എഫ് വിജയിക്കും. സ്വന്തം പാർട്ടിയിൽ വിശ്വാസമില്ലാത്ത സി.പി.എം ഏഴ് വാർഡിൽ എൽ.ഡി.എഫ് സ്വതന്ത്രരെയാണ് സ്ഥാനാർഥിയാക്കിയത്. യു.ഡി.എഫ് 14 സീറ്റിലും സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയതായും നാലകത്ത് ഹൈദരലി പറഞ്ഞു.