മലപ്പുറം: ചൂരക്കണ്ടി കള്ളുഷാപ്പ് സമരം 38-ാം ദിവസത്തിലേക്ക് കടന്നു. കെട്ടിട ഉടമയുടെ വീട്ടിലേക്ക് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ മാർച്ച് നടത്തി. സമരപന്തലിൽ നിന്നും ആരംഭിച്ച പ്രകടനം കെട്ടിട ഉടമയുടെ വീട്ടിൽ സമാപിച്ചു.
കള്ളുഷാപ്പിന് നൽകിയ ലൈസൻസ് റദ്ദാക്കുക, ഷാപ്പ് നടത്താൻ കെട്ടിടം വിട്ടു നൽകിയ നടപടിയിൽ നിന്നും കെട്ടിട ഉടമ പിൻമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. സ്‌ത്രീകൾ ഉൾപ്പെടെ 200 ഓളം പേർ പ്രകടനത്തിൽ അണിനിരന്നു. തുടർന്ന് നടന്ന ധർണാ സമരം ഗ്രാമ പഞ്ചായത്തംഗം സൂസൻ മത്തായി ഉദ്ഘാടനം ചെയ്തു.
ഷാപ്പ് തുറന്ന് പ്രവർത്തിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്നും സമരം തുടരുമെന്നും നേതാക്കൾ പറഞ്ഞു. വൈകീട്ട് ജനകീയ സമിതിയുടെ സമരപന്തൽ പി.വി.അൻവർ എം.എൽ.എ സന്ദർശിച്ചു.
മേഖലയിൽ തൽസ്ഥിതി തുടരണമെന്ന ഹൈക്കോടതി വിധി ജനകീയ സമിതിക്ക് അനൂകൂലമായി വന്നിരുന്നു. എന്നാല്‍ കോടതി വിധി അനുകൂലമായിട്ടും കെട്ടിട ഉടമ ഷാപ്പ് ലൈസൻസിയുമായി ഉണ്ടാക്കിയ കരാറിൽ നിന്നും പിന്മാറാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.