മലപ്പുറം: അപകടം പതിവായ എടവണ്ണ പത്തപ്പിരിയം ചീനിക്കലിൽ ബസ് ബൈക്കിലിടിച്ച് ഒരാള്‍ കൂടി മരിച്ചു. കണ്ടാലപറ്റ പള്ളി ഇമാം ഉമ്മർ ആണ് മരിച്ചത്. 12 മണിയോടെ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. പ്രദേശത്ത് വാഹനങ്ങളുടെ അമിത വേഗം നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തി.
അടുത്തിടെ ചീനിക്കൽ ഭാഗത്ത് അപകടങ്ങൾ പതിവാണ്. സ്വകാര്യ ബസുകളടക്കം അമിത വേഗതയിലാണ് ഇതുവഴി സർവീസ് നടത്താറുള്ളതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ചീനിക്കൽ ഭാഗത്ത് ബസ് സ്റ്റോപ് ഉണ്ടായിട്ടും പല ബസുകളും ഇവിടെ നിർത്താറില്ല. സ്റ്റോപ്പിൽ ഇറങ്ങേണ്ട ആളുകളെ തൊട്ടടുത്തുള്ള സ്റ്റോപ്പുകളിലാണ് ഇറക്കാറുള്ളതെന്നും നാട്ടുകാര്‍ ആരോപിച്ചു.
മുൻപ് ഇവിടെ ഡിവൈഡറുകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഇത് വാഹനങ്ങൾ ഇടിച്ചു കേടാക്കി. ഇതുമാറ്റി സ്ഥാപിക്കാൻ പോലും അധികൃതർ തയ്യാറായിട്ടില്ല. അപകടസ്ഥലത്തെത്തിയ ഹൈവേ പൊലീസിനോട് നാട്ടുകാര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചു. പ്രദേശത്ത് അപകടം കുറയ്ക്കാൻ അടിയന്തര നടപടികൾ ഉടൻ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ പൊലീസിനോട് ആവശ്യപ്പെട്ടു.