മലപ്പുറം: പരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെ കാലിക്കറ്റ് സര്‍വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം വിദ്യാർഥികൾ പഠനസാമഗ്രികൾ ലഭിക്കാതെ ആശങ്കയിൽ. വിദൂര വിദ്യാഭ്യാസ വിഭാഗത്തിന് കീഴിലെ ഒന്നാം സെമസ്റ്റർ ബിരുദ പരീക്ഷകൾ ജനുവരി 23 ന് തുടങ്ങാനിരിക്കെയാണ് പാഠപുസ്‌തകങ്ങളും കോൺടാക്റ്റ് ക്ലാസും ലഭിക്കാതെ വിദ്യാർഥികൾ ബുദ്ധിമുട്ടിലായത്.
സര്‍വകലാശാല പ്രിന്‍റിങ് പ്രസില്‍ കാലങ്ങള്‍ പഴക്കമുള്ള യന്ത്രസംവിധാനങ്ങളായതിനാല്‍ യഥാസമയം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തീകരിക്കാനാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. ബി.എ മൂന്നാം സെമസ്റ്റര്‍ മലയാളം, ഇംഗ്ലീഷ് പരീക്ഷകളുടെ സമയത്തും വിദ്യാർഥികൾക്ക് പഠനസാമഗ്രികൾ ലഭ്യമാക്കാൻ അധികൃതർക്ക് കഴിഞ്ഞിരുന്നില്ല. ന്യൂസ് പ്രിന്‍റ് വാങ്ങുന്നതിൽ കാലതാമസം നേരിടുന്നതാണ് പ്രശ്‌നമെന്ന് അധികൃതര്‍ പറയുന്നു.
റഗുലര്‍-സമാന്തര കോഴ്‌സുകളുടെ പരീക്ഷകള്‍ ഏകീകരിച്ച് നടത്തി ഫലം പ്രഖ്യാപിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് നടപടികള്‍ വേഗത്തിലാക്കിയതും പ്രതിസന്ധി രൂക്ഷമാക്കി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാലിരട്ടിയിലധികം വിദ്യാർഥികളുടെ വര്‍ധനവും പ്രതിസന്ധിക്കുള്ള മറ്റൊരു കാരണമാണ്. പ്രവേശന സമയത്ത് ഫീസ് ഈടാക്കിയിട്ടും സമയത്തിന് പഠനസാമഗ്രികൾ ലഭിക്കാത്തതിൽ വിദ്യാർഥികള്‍ പ്രതിഷേധത്തിലാണ്.
നിലവിലെ സാഹചര്യത്തില്‍ അച്ചടി പ്രതിസന്ധി പരിഹരിക്കാന്‍ ആത്യാധുനിക പ്രിന്‍റിങ് മെഷീനുകള്‍ വാങ്ങി സജ്ജീകരിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്.