മലപ്പുറം: കടലിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങി കാണാതായ ഏഴാം ക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് പുലർച്ചയോടെ പുത്തൻ കടപ്പുറം ഭാഗത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അബ്ദുൽമുസാരി എന്ന 14കാരന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. പരപ്പനങ്ങാടി ചാപ്പപടിയിൽ ഇന്നലെ വൈകുന്നേരം 6.00 ഓടെ കൂട്ടുകാരോടോപ്പം കടലിൽ കുളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു.
അപകടം നടന്ന സമയം, അബ്ദുൽമുസാരിയുടെ കൂടെ ഉണ്ടായിരുന്ന മറ്റ് നാല് പേർ നീന്തി രക്ഷപ്പെട്ടിരുന്നു. രക്ഷപെട്ട കുട്ടികളാണ് അപകടവിവരം നാട്ടുകാരെ അറിയിച്ചത്. തുടർന്ന് മത്സ്യതൊഴിലാളികളും, സന്നദ്ധ പ്രവർത്തകരും പൊലീസും, തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും അബ്ദുൽമുസാരിയെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.
മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: ഹൈറുന്നിസ, സഹോരങ്ങൾ: റസ്നാബാനു, സിബ്നാബാനു.