മലപ്പുറം: പൊന്നാനിയിൽ വള്ളം മറിഞ്ഞ് കടലിൽ കുടുങ്ങിയ മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു. 21 മണിക്കൂറാണ് ഇവർ കടലിൽ കുടുങ്ങിയത്. കഴിഞ്ഞ ദിവസം വൈകിട്ട് പൊന്നാന്നി എടക്കഴിയൂരിൽ നിന്ന് മീൻപിടിത്തത്തിന് ഇറങ്ങിയ വള്ളമാണ് രാത്രി എട്ടോടെ അപകടത്തിൽപെട്ടത്.
വള്ളത്തിലുണ്ടായിരുന്ന പൊള്ളാച്ചി സ്വദേശി ധനപാലൻ (35), മൻസൂർ (19), ചന്ദ്രൻ (45) എന്നിവരാണ് ഇന്നലെ രാത്രി വള്ളത്തിൽ നിന്നും കടലിലേക്ക് തെറിച്ചത്. രാത്രി തന്നെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ഇന്നലെ (13.12.2022) വൈകിട്ട് നാല് മണിയോടെ പൊന്നാനി തീരത്ത് മീൻപിടിത്തം നടത്തിയിരുന്ന ബോട്ടുകാർക്ക് ചന്ദ്രനെയും മൻസൂറിനെയും രക്ഷപ്പെടുത്താൻ കഴിഞ്ഞു. അത്രയും നേരം ഇവർ കടലിൽ തുഴഞ്ഞു നിൽക്കുകയായിരുന്നു.
ഇവരിൽ നിന്ന് കിട്ടിയ വിവരമനുസരിച്ച് പൊന്നാനി തീരത്തു തന്നെ തീരദേശ പൊലീസ് തെരച്ചിൽ ഊർജിതപ്പെടുത്തി. തുടർന്ന് അഞ്ച് മണിയോടെ പൊന്നാനി തീരത്തിന് അഞ്ച് നോട്ടിക്കൽ മൈൽ അകലെ ധനപാലനെ കണ്ടെത്തി. അവശനിലയിലായ മൂന്ന് പേരെയും പൊന്നാനി ഹാർബറിലെത്തിച്ചു.
ഇവരെ താലൂക്ക് ആശുപത്രിയിലേക്കും വിദഗ്‌ദ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്കും കൊണ്ടുപോയി. രക്ഷാപ്രവർത്തനത്തിന് തീരദേശ പൊലീസ് ഇൻസ്പെക്‌ടർ മധുസൂദനൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെടി അനിൽ കുമാർ, ആൽബർട്ട്, കോസ്‌റ്റൽ വാർഡൻമാരായ സൈനുൽ ആബിദ്, ഹുസൈൻ, ബോട്ട് സ്രാങ്ക് പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.