മലപ്പുറം : ഭാരത് ജോഡോ യാത്രയുമായി മലപ്പുറം ജില്ലയിലെത്തിയ കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധിയുമായി മുസ്ലിം ലീഗ് നേതാക്കള്‍ കൂടിക്കാഴ്‌ച നടത്തി.പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തിയത്. ഇന്ന്(സെപ്‌റ്റംബര്‍ 27) രാവിലെയാണ് പാലക്കാട് ജില്ലയില്‍ നിന്നും ജോഡോ യാത്ര മലപ്പുറത്തേക്ക് പുറപ്പെട്ടത്.
ഉച്ചയോടെ മലപ്പുറം പെരിന്തല്‍മണ്ണയിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്‌ച. ദേശീയ, സംസ്ഥാന, രാഷ്ട്രീയ, വിഷയങ്ങളാണ് രാഹുല്‍ ഗാന്ധിയുമായി നേതാക്കള്‍ ചര്‍ച്ച ചെയ്തത്. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ എംപി, അബ്ദുസമദ് സമദാനി എംപി, എംഎൽ.മാരായ കെപി എ മജീദ്, പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് രാഹുലിനെ കണ്ടത്. കൂടാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സന്നിഹിതനായിരുന്നു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് മുസ്ലിം ലീഗിന്‍റെ എല്ലാവിധ പിന്തുണയും ഉണ്ടെന്ന് കൂടിക്കാഴ്‌ചയ്ക്ക് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ബിജെപിക്കെതിരെയുള്ള വലിയ മതേതര മുന്നേറ്റം സാധ്യമാകുന്നതിന്‍റെ സാഹചര്യങ്ങളാണ് നിലവില്‍ ഇന്ത്യയിലുള്ളത്. വെറുപ്പിന്‍റെയും വിദ്വേഷത്തിന്‍റെയും രാഷ്ട്രീയം പ്രചരിപ്പിക്കുന്നവർക്കുള്ള വലിയൊരു ജനകീയ താക്കീതായി രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്ര മാറിയിരിക്കുന്നു.
also read: ഭാരത് ജോഡോ യാത്ര സമാധാനപരമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ; പൊതുതാത്‌പര്യ ഹർജി തള്ളി
മതേതര ചേരിയെ ശക്തിപ്പെടുത്തേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്തെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്കെതിരെ പോരാട്ടം നടത്താന്‍ കോൺഗ്രസിനേ കഴിയൂ. കോൺഗ്രസിന് പിന്നിൽ ഇടതുപക്ഷമടക്കം അണിനിരക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.