മലപ്പുറം: വിവാഹത്തിന് മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ തിരൂരങ്ങാടി ചെമ്മാട് മാനിപ്പാടത്തെ ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയം തകര്‍ന്നു വീണു. ശനിയാഴ്ച പുലര്‍ച്ചെ 2.30നാണ് സംഭവം. വലിയ ശബ്ദം കേട്ട പാചക തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒഴിവായി.
അനധികൃത നിര്‍മാണം ചൂണ്ടിക്കാട്ടി നിരവധി പരാതികളും വിവാദങ്ങളും നിലനില്‍ക്കെയാണ് ഓഡിറ്റോറിയത്തിന്‍റെ ഭക്ഷണഹാള്‍ തകര്‍ന്ന് വീണത്. പ്രളയത്തില്‍ വെള്ളം കയറിയ കെട്ടിടത്തില്‍ നിന്നും വെള്ളം ഇറങ്ങിയതിന് പിന്നാലെയാണ് അപകടം. മുന്‍കരുതല്‍ നടപടികളുെട ഭാഗമായി വിവാഹ പരിപാടികള്‍ നടത്തരുതെന്ന് പരിശോധന നടത്തിയ നഗരസഭ അധികൃതര്‍ നിര്‍ദേശിച്ചു.
മാനിപ്പാടത്ത് അനധികൃതമായി മണ്ണിട്ട് നികത്തി നിര്‍മ്മിച്ച ഓഡിറ്റോറിയത്തിനെതിരെ പരാതികളും പ്രതിഷേധം ശക്തമായിരുന്നു. എന്നാല്‍ നഗരസഭ അനുമതി നല്‍കിയതോടെയാണ് ഓഡിറ്റോറിയം പ്രവര്‍ത്തനം ആരംഭിച്ചത്. കെട്ടിടത്തിന് പിന്നില്‍ എട്ടടിയോളം ഉയരത്തില്‍ മണ്ണിട്ട് അനുമതിയില്ലാതെ നിര്‍മ്മിച്ച ഭക്ഷണഹാളാണ് തകര്‍ന്ന് വീണത്. അനധികൃത നിര്‍മ്മാണത്തിന് അനുമതി നല്‍കിയെന്ന് ചൂണ്ടിക്കാട്ടി അന്നത്തെ നഗരസഭ സെക്രട്ടറിക്കെതിരെ വിജിലന്‍സ് അന്വേഷണം തുടരുന്നുണ്ട്. പരാതികള്‍ നിലനില്‍ക്കെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് നഗരസഭയും റവന്യൂ അധികൃതരും കൂട്ടുനില്‍ക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. എന്നാല്‍ മറ്റൊരു സ്ഥലം കണ്ടത്താനാകാത്തതുമൂലം തിരൂരങ്ങാടി താഴെചിന സ്വദേശികളുടെ വിവാഹം ഓഡിറ്റോറിയത്തില്‍ തന്നെ നടത്തി.