മലപ്പുറം: ആര്യാടൻ ഷൗക്കത്തിന് ജില്ലാ കോൺഗ്രസ് അധ്യക്ഷന്‍റെ ചുമതല. ഡി.സി.സി പ്രസിഡന്‍റ് വി.വി.പ്രകാശ് നിലമ്പൂരിൽ യു.ഡി.എഫ് സ്ഥാനാര്‍ഥിയായതോടെയാണ് ഷൗക്കത്തിന് ജില്ലാ അധ്യക്ഷന്‍റെ ചുമതല ലഭിച്ചത്. നിയമ സഭാ തെരഞ്ഞെടുപ്പില്‍ അവസാന നിമിഷം ആര്യാടൻ ഷൗക്കത്തിന് സീറ്റ് നിഷേധിക്കപ്പെട്ട സാഹചര്യത്തിലാണ് പാര്‍ട്ടി ഹെെക്കമാൻഡിന്‍റെ പുതിയ തീരുമാനം.
ഷൗക്കത്തിന് ഡി.സി.സി അധ്യക്ഷ സ്ഥാനം നൽകുന്നതിനെതിരെ കെ.പി.സി.സി. ജനറൽ സെക്രട്ടറി ഇ. മുഹമ്മദ് കുഞ്ഞി രംഗത്ത് വന്നിരുന്നു. എന്നാല്‍ നേതൃത്വം ഇടപ്പെട്ടതോടെ നിലപാടിൽ നിന്നും പിന്നോട്ടുപോവുകയായിരുന്നു. നിലമ്പൂർ മണ്ഡലത്തിൽ ആര്യാടൻ മുഹമ്മദിനും, ആര്യാടൻ ഷൗക്കത്തിനുമുള്ള സ്വാധീനം തിരിച്ചറിഞ്ഞാണ് പാര്‍ട്ടി നേതൃത്വം ഇടപ്പെട്ട് പുതിയ സമവാക്യത്തിന് രൂപം നൽകിയത്.
എന്നാല്‍ 2016-ൽ നിലമ്പൂര്‍ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാർഥിയായി ആര്യാടൻ ഷൗക്കത്ത് മത്സരിച്ചപ്പോൾ പരാജയപ്പെട്ടിരുന്നു. അതേസമയം മലപ്പുറം ജില്ല രൂപീകരിച്ചപ്പോൾ ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനം ലഭിച്ചത് ആര്യാടൻ മുഹമ്മദിനാണ്. വർഷങ്ങൾക്കു ശേഷം ആര്യാടൻ മുഹമ്മദിന്‍റെ മകനായ ആര്യാടൻ ഷൗക്കത്തും ഇപ്പോള്‍ ജില്ലാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്.