മലപ്പുറം: ഈ വർഷത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ മാത്രമാണെന്നും കഴിഞ്ഞ വർഷവും അതിന് മുൻപിലെ വർഷവും ഇതുതന്നെയായിരുന്നു അവസ്ഥയെന്നും മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് പറഞ്ഞു. ബജറ്റ് പ്രഖ്യാപനങ്ങൾ സർക്കാർ നടപ്പാക്കുന്നില്ല. യു.ഡി. എഫ്. സർക്കാർ റബ്ബറിന് കിലോഗ്രാമിന് 150 രൂപ സഹായവില നൽകിയിരുന്നു. അത് 200 രൂപയാക്കണമെന്ന ആവശ്യം നിലനിൽക്കെ സർക്കാർ ഒരു സഹായവും അനുവദിച്ചിട്ടില്ല.
പുതിയ ബജറ്റ് കർഷകർക്ക് ഒരു പ്രതീക്ഷയും നൽകുന്നില്ല. കഴിഞ്ഞ ബജറ്റിൽ കാപ്പി കർഷകർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നും തന്നെ നൽകിയില്ലെന്നും ഈ ബജറ്റ് ധനക്കമ്മിയും റവന്യുക്കമ്മിയുമാണ് കാണിക്കുന്നത്. അതിനാൽ വിലക്കയറ്റമുണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ലെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു. വിലക്കയറ്റം തടയാനുള്ള പദ്ധതികളൊന്നും സർക്കാർ പ്രഖ്യാപനത്തിലുമില്ല. ഈ ബജറ്റ് ഇതേപോലെ നടപ്പാക്കിയാൽ വിലക്കയറ്റം, പണപ്പെരുപ്പം എന്നിവ മാത്രമാവും ഫലം. മന്ത്രിമാർ വിദേശത്തു പോയി പുതിയ വ്യവസായം തുടങ്ങുമെന്ന് പറയുകയല്ലാതെ അതിനുള്ള സ്ഥലമെടുപ്പ് പോലും നടത്തിയിട്ടില്ല. ബജറ്റിൽ പുതിയ വ്യവസായങ്ങൾക്കുള്ള പദ്ധതികളൊന്നുമില്ല. ഗ്രാമീണ മേഖലയെ പൂർണമായും അവഗണിച്ച ബജറ്റിനെ തുടർന്ന് തൊഴിലില്ലായ്മ വർധിക്കും. അത് പരിഹരിക്കാനുള്ള പദ്ധതികളുമില്ല.