മലപ്പുറം: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ബജറ്റുകൾ സമ്പന്നരെ സഹായിക്കാനും ദരിദ്രരെ അവഗണിക്കാനുമുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലമ്പൂർ വില്ലേജ് ഓഫീസിലേക്ക് സംഘടിപ്പിച്ച മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ ഈ പ്രാവശ്യത്തെ ബജറ്റിൽ 1,103 കോടി രൂപയുടെ അധിക നികുതിയാണ് ചുമത്തിയിരിക്കുന്നത്. ഇത് ഏറെയും ബാധിക്കുന്നത് സാധാരണക്കാരെയാണെന്നും വൻകിടമുതലാളിമാരില്‍ നിന്നും പിരിച്ചെടുക്കാനുള്ള 14,000 കോടി രൂപക്ക് ഇളവ് നൽകി അവര്‍ക്കൊപ്പമാണ് സർക്കാരെന്നും ആര്യാടൻ മുഹമ്മദ് പറഞ്ഞു. കോൺഗ്രസ് നിലമ്പൂർ മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്‍റ് പാലോളി മെഹബൂബ് അധ്യക്ഷത വഹിച്ച പരിപാടിയില്‍ നഗരസഭാ ചെയർപേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, എം.കെ.ബാലകൃഷണൻ തുടങ്ങിയവര്‍ പങ്കെടുത്തു.