മലപ്പുറം: ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ 16 ആദിവാസി കോളനികളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് അരീക്കോട് ജനമൈത്രി പൊലീസ്. കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്തിലെ ഓടക്കയാത്ത് വെച്ച് ജില്ല പൊലീസ് മേധാവി സുജിത് ദാസ് ഐ.പി.എസ് നിർവഹിച്ചു. കൊവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ കൃത്യമായ പ്രോട്ടോക്കോളുകൾ പാലിച്ചാണ് ഉദ്ഘാടന കര്‍മ്മം നടന്നത്. അരീക്കോട് എസ്.എച്ച്.ഒ എ ഉമേഷിന്‍റെ നേതൃത്വത്തിൽ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥര്‍ ചേർന്ന് പണം കണ്ടെത്തിയാണ് കിറ്റ് വിതരണം നടത്തിയത്. അതേസമയം, വിതരണത്തിനുള്ള പച്ചക്കറി കടയില്‍ നിന്നും വാങ്ങിയ സമയത്ത് സ്റ്റേഷനിലേക്ക് ഇത്രയും കൂടുതൽ പച്ചക്കറി എന്തിനാണ് എന്നായിരുന്നു വ്യാപാരികളുടെ ചോദ്യം. തുടർന്ന് കാര്യം മനസ്സിലാക്കിയ വ്യാപാരികളും കിറ്റുനൽകുന്നതിന് പൊലീസിനെ സഹായിച്ചുവെന്ന് എസ്.എച്ച്.ഒ ഉമേഷ് പറഞ്ഞു.
ALSO READ: കണ്ണൂരില്‍ മാരക മയക്കുമരുന്നുമായി ഒരാള്‍ പിടിയില്‍
ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്തിലെ കരിമ്പ്, പൊട്ടാടി, വെണ്ടേക്കും പൊയിൽ, നെല്ലായി, പണിയാർ മല, കൊടുമ്പുഴ, പണിയ കോളനി, നെല്ലിയായി, കുരിയിരി, ഈന്തുപാലി, ഊരൻകല്ല്, ആലാപാറ,ചെക്കുന്ന്, കലകപാറ തുടങ്ങി 16 കോളനികളിലേക്കായി 400 പച്ചക്കറി കിറ്റുക്കാളാണ് വിതരണം നടത്തിയത്. പച്ചക്കറി കിറ്റിന് പുറമെ കപ്പ കർഷകരെ സഹായിക്കുന്നതിന് വേണ്ടി 800 കിലോ കപ്പ കിറ്റിൽ ഉൾപ്പെടുത്തി. ഇത്തരമൊരു ദുരിതം നിലനിൽക്കുന്ന സാഹചര്യത്തിൽ ചെറിയ സഹായങ്ങൾ ആയാലും അതുചെയ്ത് ജനങ്ങളുടെ ഒപ്പം പൊലീസുണ്ടെന്ന സന്ദേശമാണ് പ്രവർത്തനങ്ങളിലൂടെ പ്രകടിപ്പിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി സുജിത് ഐ.പി.എസ് പറഞ്ഞു. താലൂക്ക് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് കിറ്റുകൾ പാക്ക് ചെയ്തത്. കൊണ്ടോട്ടി ഡി.വൈ.എസ്.പി അഷ്റഫ്, എസ്.ഐ. വിമൽ സ്റ്റേഷനിലെ മറ്റു പൊലീസുകാരായ സുബ്രഹ്മണ്യൻ മുരളി, അസറുദ്ദീൻ തുടങ്ങി ഉദ്യോഗസ്ഥരും പങ്കെടുത്തു.