മലപ്പുറം: തിരുവാലി ആരുടെയും കുത്തകയല്ലെന്ന് എ.പി.അനിൽകുമാർ എം.എൽ.എ. തിരുവാലി ഗ്രാമപഞ്ചായത്ത് ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട യു.ഡി.എഫ് അംഗങ്ങൾക്ക് നൽകിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തെരഞ്ഞെടുപ്പ് ഫലത്തിലൂടെ സി.പി.എമ്മിന്‍റെ കുത്തകയല്ല തിരുവാലി പഞ്ചായതെന്നും ജനങ്ങളുടെ പഞ്ചായത്തന്നെന്നും തെളിഞ്ഞതായി എം.എൽ.എ പറഞ്ഞു.
ഭാഗ്യത്തിന്‍റെ പേരിൽ മാത്രമാണ് അധികാരം ലഭിച്ചതെന്ന കാര്യം മറക്കരുത്. തെരഞ്ഞെടുപ്പ് പരാജയം ഉൾകൊള്ളാതെ അക്രമ രാഷ്ട്രീയമാണ് സി.പി.എം കളിക്കുന്നത്. തിരുവാലിയിലെ സി.പി.എമ്മിന്‍റെ അഹങ്കാരത്തിന് ജനാധിപത്യത്തിലൂടെ ജനങ്ങൾ മറുപടി നൽകിയതായും അനിൽ കുമാർ പറഞ്ഞു. യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ മുഹമ്മദ് നജീബ് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ ദിവസം മരിച്ച ഡിസിസി സെക്രട്ടറി സി.കെ.മുബാറക്കിന് ആദരാജ്ഞലികൾ അർപ്പിച്ചാണ് യോഗം ആരംഭിച്ചത്. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഉൾപ്പെടെ യുഡിഎഫിലെ എട്ട് അംഗങ്ങളും സ്വീകരണ യോഗത്തിൽ പങ്കെടുത്തു.