മലപ്പുറം: ആനപ്പാറയിലെ അങ്കണവാടി പൂളക്കുന്നിലേക്ക് മാറ്റി സ്ഥാപിക്കാൻ പോകുന്നു എന്നറിഞ്ഞതു മുതല്‍ നാട്ടുകാർ പ്രതിഷേധത്തിലാണ്. കാരണം 22 കുട്ടികളുടെ പഠനം, ഗർഭിണികൾക്കും കുട്ടികൾക്കുമുള്ള പോഷകാഹാരം.. എല്ലാം മുടങ്ങും. അങ്കണവാടി മാറ്റി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ ജില്ല കലക്‌ടർ, സാമൂഹികക്ഷേമ വകുപ്പ്, പഞ്ചായത്ത് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ആനപ്പാറ നിവാസികളും കുട്ടികളുടെ രക്ഷകർത്താക്കളും പറയുന്നു.
മാറ്റാതെ നിവൃത്തിയില്ലല്ലോ: പൂളക്കുന്നിൽ വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന 39-ാം നമ്പർ അങ്കണവാടി സൗകര്യമില്ലായ്‌മയെ തുടർന്ന് ഏഴ് വർഷം മുൻപാണ് ആനപ്പാറയിലേക്ക് മാറ്റി സ്ഥാപിച്ചത്. ഇപ്പോൾ നാട്ടുകാരുടെ സഹകരണത്തോടെ പൂളക്കുന്നിൽ മൂന്നരലക്ഷം രൂപ മുടക്കി അഞ്ചര സെന്‍റ് ഭൂമി അങ്കണവാടിക്ക് കെട്ടിടം നിർമിക്കുന്നതിനായി വാങ്ങിയിട്ടുണ്ട്. ഇവിടെ കെട്ടിടം നിർമാണത്തിന് വേണ്ട നടപടികളും സാമൂഹികക്ഷേമ വകുപ്പിന്‍റെ സഹായത്തോടെ ആരംഭിച്ചിട്ടുണ്ടെന്നും പൂളക്കുന്ന് നിവാസികൾ പറയുന്നു.
അതുവരെ അങ്കണവാടി പ്രവൃത്തിക്കുന്നതിന് സൗകര‍്യപ്രദമായ വാടക കെട്ടിടവും കണ്ടെത്തിയിട്ടുണ്ട്. നിലവിൽ പൂളക്കുന്നിലാണ് അങ്കണവാടിക്ക് അനുമതിയുള്ളതെന്നും അതിനാൽ നിയമപരമായി പൂളക്കുന്നിലേക്ക് അങ്കണവാടി മാറ്റുന്നത് എതിർക്കാനാവില്ലെന്നും വാർഡ് മെമ്പർ അബ്‌ദുൾ കരീം പറഞ്ഞു. ആനപ്പാറയിൽ പുതിയ അങ്കണവാടി സ്ഥാപിക്കുന്നതിന് പഞ്ചായത്തിന്‍റെയും സാമൂഹികക്ഷേമ വകുപ്പിന്‍റെയും സഹായം തേടിയിട്ടുണ്ടെന്നും വാർഡ് മെമ്പർ പറഞ്ഞു.