മലപ്പുറം: അമ്പുമല കോളനിയിലെ കമ്പിപ്പാലം പുനർനിർമിക്കാൻ കലക്ടർ ഇടപെടണമെന്ന് ചാലിയാർ ഗ്രാമപഞ്ചായത്ത്. കഴിഞ്ഞ പ്രളയത്തിലാണ് കുറുവൻ പുഴക്ക് കുറുകെയുള്ള കമ്പിപ്പാലം തകർന്നത്. നേരത്തെയും ആവശ്യമുന്നയിച്ച് ജില്ലാ കലക്ടർ, ജില്ലാ ഐ.റ്റി.ഡി.പി.പ്രൊജക്ട് ഓഫീസർ എന്നിവരെ പഞ്ചായത്ത് സമീപിച്ചിരുന്നു. കോളനി നിവാസികൾക്ക് പുറംലോകത്തേക്ക് പോകാനുള്ള ഏക മാർഗമാണിത്. നിലവിൽ മുള കൊണ്ടുള്ള താത്ക്കാലിക പാലമാണ് പ്രദേശവാസികൾ ഉപയോഗിക്കുന്നത്.
അമ്പുമല കമ്പി പാലം പുനർനിർമിക്കുന്നതിൽ അധികൃതർ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന് കോൺഗ്രസ് ഗ്രാമപഞ്ചായത്തംഗം പൂക്കോടൻ നൗഷാദ് ആരോപിച്ചു. അതേസമയം മൂലേപ്പാടം പാലങ്കയം വഴി പന്തീരായിരം വനത്തിലൂടെയുള്ള മണ്ണ്റോഡ് ഗതാഗതയോഗ്യമാക്കി കോളനി നിവാസികൾക്ക് പഞ്ചായത്ത് ആസ്ഥാനമായ അകമ്പാടത്തേക്ക് വരാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.