മലപ്പുറം: റമദാൻ എത്തിയാൽ പൊന്നാനിക്കാരുടെ ഒരു ആഘോഷമായിരുന്നു മുത്തായ വെടിയും പാനൂസ് വിളക്കുകളും. ഈ വർഷം മുത്തായ വെടി ഇല്ലാതെയായിരുന്നു റമദാൻ. കുട്ടികളും ചെറുപ്പക്കാരും ചേർന്നായിരുന്നു മുത്തായ വെടി പൊട്ടിച്ചിരുന്നത് . ഈ വർഷം ചുരുക്കം വീടുകളിൽ മാത്രമേ പാനൂസ് വിളക്കുകൾ കാണാൻ കഴിഞ്ഞുള്ളൂ. ഒരുകാലത്ത് മിക്ക കുടുംബങ്ങളിലും ആവേശപൂർവ്വം കുട്ടികളും മുതിർന്നവരും ഒത്തുകൂടി നടത്തിയിരുന്ന മുത്തായ വെടിയാണ് പാരമ്പര്യം ഓർമ്മപ്പെടുത്തുന്നത്. മുളക്ക് മുമ്പിൽ ചെറിയ ദ്വാരം ഉണ്ടാക്കി അതിൽ മണ്ണെണ്ണ ഒഴിച്ച് തീ കത്തിക്കുമ്പോളുണ്ടാകുന്ന ശബ്‌ദമാണ് മുത്തായ് വെടി. തുടർന്ന് ദ്വാരത്തിലൂടെ ഊതി മുഴുവൻ പുകയും പുറത്തു കളയും. വീണ്ടും മണ്ണെണ്ണ ഒഴിച്ച് കത്തിക്കും ഇത് മണിക്കൂറുകൾ നീണ്ടു നിൽക്കും.
തറാവീഹ് നമസ്കാരത്തിന് ശേഷമാണ് മുത്തായ വെടികൾക്ക് തുടക്കം. രാത്രിയെ പകലാക്കി മാറ്റി പുലർച്ചെ രണ്ടു വരെയെങ്കിലും കുടുംബത്തിലെ എല്ലാവരും ഒത്തുകൂടി മുത്തായ വെടി ആഘോഷിക്കും. പൊന്നാനിയിലാണ് മുത്തായ വെടി പ്രധാനമായും നിലനിൽക്കുന്നത്. ഇത് മതാചാരമോ അനുഷ്ഠാനമോ അല്ല. ക്രിസ്തുമസ് നക്ഷത്രങ്ങളെ അനുസ്മരിക്കുന്നതായിരുന്നു പൊന്നാനിയിലെ പാനൂസ് വിളക്കുകൾ. വിവിധതരം പാനൂസുകളാണ് റമദാൻ മാസങ്ങളിൽ നിർമിക്കുക. മുളകൾ കൊണ്ടായിരുന്നു പാനൂസ് വിളക്കുകളും നിർമിച്ചിരുന്നത്. പെട്ടിപ്പാനുസ്, കിണ്ണപ്പാനുസ്, മഞ്ഞപ്പാനൂസ് എന്നിങ്ങനെ 12 തരം പാനൂസുകളുണ്ട്. എന്നാൽ മിക്കവയും ഇന്ന് മധുരിക്കുന്ന ഓർമകളായി മാറിയിരിക്കുകയാണ്..