മലപ്പുറം: ക്രിക്കറ്റിനെ സ്‌നേഹിക്കുന്നവർക്ക് സച്ചിൻ ടെൻഡുല്‍ക്കറും യുവ്‌രാജ് സിങും അവരുടെ ആരാധന താരങ്ങളാണ്. അടുത്തിടെ യുവ്‌രാജ് സിങ്, ബാറ്റും ബോളും ബാലൻസ് ചെയ്യാൻ സച്ചിൻ ടെൻഡുല്‍ക്കറെ വെല്ലുവിളിച്ചപ്പോൾ ആരാധകരും ആ വെല്ലുവിളി ഏറ്റെടുത്തിരുന്നു. സച്ചിൻ മാത്രമല്ല, ഇവിടെ കേരളത്തില്‍ ഒരു പത്താംക്ലാസ് വിദ്യാർഥി ആ വെല്ലുവിളി സ്വീകരിച്ചപ്പോൾ സ്വന്തമായത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിന്‍റെ അംഗീകാരമാണ്.
റെക്കോഡ് ഇങ്ങനെ
ക്രിക്കറ്റ് ബാറ്റിന്‍റെ എഡ്‌ജിൽ തുടർച്ചയായി പന്ത് ബൗൺസ് ചെയ്യുക എന്നതായിരുന്നു ആ വെല്ലുവിളി. മലപ്പുറം കാടാമ്പുഴ സ്വദേശി അക്ഷയ് ബിജുവാണ് ക്രിക്കറ്റ് ബാറ്റിന്‍റെ എഡ്‌ജിൽ തറയിൽ വീഴാതെ അഞ്ചു മിനിട്ടുകൊണ്ട് 604 തവണ പന്ത് ബൗൺസ് ചെയ്ത് റെക്കോഡിട്ടത്.
ലോക്ക്ഡൗൺ സമയത്താണ് അക്ഷയ് പരിശീലനം തുടങ്ങിയത്. പരിശീലനം തുടങ്ങിയ സമയത്ത് വളരെ ബുദ്ധിമുട്ടിയതായി അക്ഷയ് പറയുന്നു. ആദ്യഘട്ടത്തിൽ 40 പ്രാവശ്യം മാത്രമാണ് പന്ത് ബാലൻസ് ചെയ്യാൻ കഴിഞ്ഞത്. എന്നാൽ തുടർച്ചയായി പരിശ്രമിച്ചപ്പോൾ അഞ്ച് മിനിറ്റ് കൊണ്ട് 604 തവണ ബോൾ ബൗൺസ് ചെയ്യുന്ന നേട്ടത്തിലേക്ക് അക്ഷയ് എത്തി.
അക്ഷയ് ചെയ്ത കാര്യങ്ങൾ അച്ഛനും അധ്യാപകനുമായ ബിജു മൊബൈലിൽ റെക്കോഡ് ചെയ്തിരുന്നു. ഇത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സിലേക്ക് അയച്ചിരുന്നു. ഒടുവില്‍ അവരുടെ അംഗീകാരം തേടിയെത്തി. ഇനി ഗിന്നസ് റെക്കോഡ് നേടണമെന്നാണ് അക്ഷയ് പറയുന്നത്.
Also read: മാലികിലെ കവാലി സംഗീതം, ആ കുഞ്ഞു ഗായിക ഇവിടെയുണ്ട്