മലപ്പുറം: പിതാവിന്‍റെ അറിവോടെ മുപ്പതിലധികം പേര്‍ ബലാത്സംഗം ചെയ്ത 12 വയസുകാരിയെ ശിശുക്ഷേമ വകുപ്പിന്റെ മേല്‍നോട്ടത്തിലുള്ള അഭയകേന്ദ്രത്തിലേക്ക് മാറ്റി. വീടിനുള്ളില്‍ ക്രൂരമായ പീഡനത്തിനിരയാകുകയായിരുന്നു പെണ്‍കുട്ടി.
ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ സ്കൂളില്‍ നടത്തിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി മനുഷ്യമനസാക്ഷിയെ നടുക്കുന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയത്. പത്ത് വയസുള്ളപ്പോള്‍ പിതാവിന്‍റെ സുഹൃത്താണ് ആദ്യമായി പീഡിപ്പിച്ചത്. അതിന് ശേഷം രണ്ട് വര്‍ഷത്തിനിടെ എത്ര തവണ ബലാത്സംഗത്തിനിരയായെന്ന് പറയാന്‍ കുട്ടിക്ക് കഴിഞ്ഞില്ലെന്ന് ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കുടുംബത്തിന് പണം നല്‍കിയാണ് പലരും കുട്ടിയെ പീഡിപ്പിച്ചത്. കുടുംബത്തിന്‍റെ വരുമാനം ഇല്ലാതെയാകരുതെന്ന് പെണ്‍കുട്ടി ഭയന്നിരുന്നു. ജോലിക്ക് പോകാത്ത പിതാവ് അമ്മയേയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നതായി കുട്ടി വെളിപ്പെടുത്തി. തിരൂരങ്ങാടി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. വൈദ്യ പരിശോധനയില്‍ കുട്ടി നിരന്തരമായി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി.
കഴിഞ്ഞ ഞായറാഴ്ച മജിസ്ട്രേറ്റിന് മുന്നില്‍ കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. പോക്സോ ആക്ട് പ്രകാരവും ഐപിസി സെക്ഷന്‍ 354, 376 പ്രകാരവുമാണ് കുട്ടിയുടെ പിതാവ് ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്തത്. കഴിഞ്ഞ ഞായറാഴ്ചയാണ് പെണ്‍കുട്ടിയുടെ പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ ഇനിയും പ്രതികളുണ്ടെന്നും അവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്നും പൊലീസ് പറഞ്ഞു. കുട്ടി പീഡനത്തിനിരയായത് തന്‍റെ അറിവോടെയല്ലെന്ന അമ്മയുടെ മൊഴിയില്‍ സംശയമുള്ളതായും അന്വേഷണ സംഘം വിലയിരുത്തി.