മലപ്പുറം: അരീക്കോട് താലൂക്ക് ആശുപത്രി വികസനത്തിന് 65 കോടി അനുമതി ലഭിച്ചതായി ഏറനാട് എംഎൽഎ പി.കെ ബഷീർ . അരീക്കോട് പൂക്കോട്ട് ചോലയിൽ മൂന്നര ഏക്കർ സ്ഥലം കണ്ടെത്തി ബന്ധപ്പെട്ട വകുപ്പുകളിലേക്ക് കൈമാറിയതായും അത്യാധുനിക സൗകര്യങ്ങൾ ഉൾപ്പെടുന്ന താലൂക്കാശുപത്രി നിർമാണം വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും എംഎൽഎ പറഞ്ഞു. ബജറ്റിൽ 25 കോടിയും കിഫ്ബിയുടെ 40 കോടിയും ഉൾപ്പെടെ അത്യാധുനിക സൗകര്യങ്ങളോടെയുള്ള താലൂക്കാശുപത്രിയുടെ പ്രവർത്തന ചുമതല WAPCOS ഏജൻസിയാണ് നിർവഹിക്കുന്നത്.
സംസ്ഥാനത്തെ മികവുറ്റ താലൂക്കാശുപത്രിയായി അരീക്കോട് താലൂക്കാശുപത്രിയെ മാറ്റുമെന്നും ആരോഗ്യ വകുപ്പിൻ്റെ മുഴുവൻ സൗകര്യങ്ങളും ലഭ്യമാക്കുകയും ചെയ്യുമെന്നും എംഎൽഎ പറഞ്ഞു. നിലവിൽ പ്രതിദിനം 800 ലേറെ രോഗികൾ അരീക്കോട് താലൂക്കാശുപത്രിയെ ആശ്രയിക്കുന്നുണ്ട്. പുതിയ കെട്ടിടത്തിലേക്ക് താലൂക്കാശുപത്രി മാറുന്നതോടെ പഴയ കെട്ടിടം അരീക്കോട് പിഎച്ച്സിയായി മാറും.