മലപ്പുറം: കുറ്റിപ്പുറത്ത് ഒറ്റയ്ക്ക് താമസിച്ച് വരികയായിരുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റിപ്പുറം പഞ്ചായത്തിൽ നാഗപ്പറമ്പ് വെള്ളാറമ്പ് സ്വദേശി തിരുവാകളത്തിൽ കുഞ്ഞിപ്പാത്തുമ്മ (62) ആണ് മരിച്ചത്. വർഷങ്ങളായി ഇവർ വീട്ടിൽ ഒറ്റയ്ക്കാണ് താമസം. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിൽ കൊലപാതകം ആവാനാണ് സാധ്യതയെന്ന് ജില്ല പൊലീസ് മേധാവി സുജിത്ത് ദാസ് പറഞ്ഞു.
Also Read: 'അശ്വതി അച്ചു'വിനെതിരെ കൂടുതല്‍ പരാതികള്‍; 'അനുശ്രീ അനു' തട്ടിയെടുത്തത് വൻ തുക
ഇന്ന് രാവിലെ ആളെ കാണാനില്ലാത്തതിനെ തുടർന്ന് അയൽവാസികൾ എത്തി അന്വേഷിച്ചപ്പോളാണ് വീടിന് പുറത്ത് വരാന്തയിൽ മൃതദേഹം കണ്ടെത്തിയത്. തലയിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിൽ നിന്ന് രക്തം വാർന്നിട്ടുണ്ട്. വാതിലുകൾ തുറന്ന നിലയിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധനകൾ പൂർത്തിയാക്കി.
തുടർന്ന്, ഫോറൻസിക് വിഭാഗം ഉദ്യോഗസ്ഥർ എത്തി വീടും പരിസരവും പരിശോധിച്ചശേഷം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.