മലപ്പുറം: കൊണ്ടോട്ടി ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണികൾ എക്സൈസ് പിടിയിൽ. എഴുപത്തൊന്നുകാരിയടക്കം രണ്ടു പേരാണ് അഞ്ച് കിലോ കഞ്ചാവുമായി പിടിയിലായത്. മലപ്പുറം റേഞ്ച് എക്സൈസ് സംഘം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് അറസ്റ്റ്. നൂർജഹാൻ, വേങ്ങര മാറ്റാനത്ത് റാഫി എന്നിവരാണ് അറസ്റ്റിലായത്. ഇൻറലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. തമിഴ്നാട്ടിൽനിന്നും ഓട്ടോയിലാണ് ഇവര്‍ കഞ്ചാവ് കടത്തിയിരുന്നത്.
റാഫിക്ക് വേണ്ടി കഞ്ചാവ് കടത്തിയ കേസിൽ ഇതിന് മുമ്പും നൂർജഹാന് ശിക്ഷ ലഭിച്ചിട്ടുണ്ട്. കൊണ്ടോട്ടിയിലും പരിസരങ്ങളിലും പഴ കച്ചവടത്തിന്‍റെ മറവിലാണ് റാഫി കഞ്ചാവ് വിൽപ്പന നടത്തിയിരുന്നത്. കഞ്ചാവ് കടത്താൻ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു .ഇവരെ കോടതിയിൽ ഹാജരാക്കി.