കോഴിക്കോട്: എംഇഎസ് പ്രസിഡന്‍റ് ഡോ. ഫസൽ ഗഫൂർ സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ പരാമർശത്തിനെതിരെ യുവമോർച്ച പരാതി നൽകി. യുവമോർച്ച സംസ്ഥാന സെക്രട്ടറി ടി. റനീഷാണ് കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്ക് പരാതി നൽകിയത്. ഫസൽ ഗഫൂർ കലാപത്തിന് ആഹ്വാനം ചെയ്തു എന്നാണ് ആരോപണം.
പൗരത്വ നിയമത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹർജിയിലെ വിധി എതിരായിട്ട് വന്നാൽ ഇതായിരിക്കില്ല സമരമെന്നും സമരത്തിന്‍റെ രീതി മാറുമെന്നും ഫസൽ ഗഫൂർ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇപ്പോൾ നടക്കുന്ന സമരങ്ങൾ തയ്യാറെടുപ്പ് മാത്രമാണ്. എല്ലാവരും രണ്ടാം ഘട്ട സമരത്തിന് തയ്യാറെടുത്ത് നിൽക്കുകയാണ്. അസ്ത്രങ്ങളെല്ലാം ശേഖരിച്ച് വച്ചിട്ടുണ്ട്. അസ്ത്രം എപ്പോൾ എങ്ങോട്ട് വിടണമെന്ന കാര്യത്തിൽ മാത്രമാണ് തർക്കം. കോടതി വിധിയെ മാത്രം ആശ്രയിച്ചല്ല ജനം നിൽക്കുന്നത്. ജനങ്ങൾ കോടതിയുടെയും ഭരണഘടനയുടെയും മുകളിലാണ്. ഇത് പലവട്ടം ജനങ്ങൾ തെളിയിച്ചതാണെന്നും ഫസൽ ഗഫൂർ പറഞ്ഞിരുന്നു.
യുവമോർച്ചയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നിയമോപദേശം തേടിയ ശേഷം കൂടുതൽ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ എ.വി ജോർജ് അറിയിച്ചു.