കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പിൽ ഛിന്നഭിന്നമായ കോൺഗ്രസിനെ ഒരു വിധത്തിൽ അഴിച്ച് പണിഞ്ഞ് നേരെയാക്കാൻ ശ്രമിക്കുമ്പോൾ ഘടക കക്ഷിയായ ലീഗിലും പരസ്യപ്പോര്. യൂത്ത് ലീഗ് നേതൃത്വമാണ് മലബാറിൽ നിന്ന് ഇക്കാലമത്രയും കാണാത്ത രീതിയിൽ വിമർശനം തൊടുത്ത് വിട്ടത്. മുസ്ലീം ലീഗിൽ അവസാന വാക്ക് പാണക്കാടിന്‍റേതാണെങ്കില്‍ പി.കെ കുഞ്ഞാലിക്കുട്ടി തുടരുന്ന 'താൻ പ്രമാണിത്തത്തി'നെതിരെയാണ് യൂത്തൻമാര്‍ ആഞ്ഞടിച്ചത്.
കുഞ്ഞാലിക്കുട്ടിക്ക് 'തല തിരിഞ്ഞ' നയമെന്ന്
തെരഞ്ഞെടുപ്പ് പരാജയത്തിന് മുഖ്യ കാരണം കുഞ്ഞാലിക്കുട്ടിയുടെ തലതിരിഞ്ഞ പ്രവര്‍ത്തനമാണെന്നാണ് യൂത്ത് ലീഗ് യോഗത്തിൻ്റെ വിലയിരുത്തൽ. സ്വകാര്യ സ്വത്താണ് ലീഗെന്ന് ചില നേതാക്കൾ കരുതുന്നു, ഉന്നതാധികാര സമിതി എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിക്ക് ഗുണം ചെയ്യുന്നില്ല. കുഞ്ഞാലിക്കുട്ടി ഉന്നതാധികാര സമിതി എന്ന പേരില്‍ പാര്‍ട്ടിയെ ചൊല്‍പ്പടിയില്‍ നിര്‍ത്തുന്നു. പാര്‍ലമെന്‍റ് അംഗത്വം രാജിവച്ച് കുഞ്ഞാലിക്കുട്ടി നിയമസഭയില്‍ മത്സരിച്ചത് ലീഗിനും യുഡിഎഫിനും തിരിച്ചടിയായെന്നുമാണ് യൂത്ത് ലീഗിൻ്റെ വിലയിരുത്തല്‍.
നിര്‍ണായക സമയത്ത് ഓടിയൊളിക്കും
യുപിഎ മന്ത്രിസഭ വന്നാൽ കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രി സ്ഥാനം മോഹിച്ച കുഞ്ഞാലിക്കുട്ടി പാര്‍ലമെന്‍റില്‍ ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുകയും നിര്‍ണായക സമയങ്ങളില്‍ ഓടിയൊളിക്കുകയും ചെയ്തു. ഇപ്പോൾ പിണറായിയെ നേരിടുമ്പോഴും അതേ അവസ്ഥ തന്നെ വരുമെന്നും യൂത്ത് നേതാക്കൾ ഒന്നടങ്കം യോഗത്തിൽ പറഞ്ഞു. സമുദായത്തിന് വിശ്വാസമില്ലാത്ത നേതാക്കളാണ് ഇപ്പോൾ ഉള്ളതെന്നും വിമർശനം ഉയർന്നു.
ലീഗ് കച്ചവട സ്ഥാപനമല്ല
ഓഹരിക്കച്ചവടം നടത്തുന്ന പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ ഡയറക്ടർമാരാണ് ലീഗ് ഉന്നതാധികാര സമിതിയംഗങ്ങൾ. ഇഷ്ടക്കാരെ തിരുകി കയറ്റിയും പ്രതിഷേധക്കാരെ ഒതുക്കുന്നതുമാണ് തുടരുന്നത്. അടിമുടി അഴിച്ചു പണി വേണമെന്നാണ് യുത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്‍റും സെക്രട്ടറിയും അടക്കമുള്ളവർ യോഗത്തിൽ വിമർശിച്ചത്.
രാഹുല്‍ ഗാന്ധി ലീഗിനെ കളങ്കപ്പെടുത്തി!
പാർട്ടിയിൽ നിന്നുള്ള കൊഴിഞ്ഞ് പോക്കാണ് തെക്കൻ ജില്ലകളിൽ ലീഗിന് തലവേദനയാകുന്നത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ കൊണ്ടുവന്ന് മത്സരിപ്പിച്ചത് ലീഗിന്‍റെ ആത്മാഭിമാനം നഷ്ടമാക്കി എന്ന ആരോപണം തെക്കന്‍ ജില്ലയില്‍ നേരത്തെ തന്നെ ശക്തമാണ്. ദേശീയ തലത്തില്‍ ലീഗിനെ കളങ്കപ്പെടുത്താന്‍ രാഹുല്‍ ഗാന്ധിയുടെ മത്സരം വഴിവച്ചു. ലീഗിന്‍റെ പതാകയും അസ്ഥിത്വവും ദയനീയമായി ചോദ്യം ചെയ്യപ്പെട്ട സാഹചര്യവും ഇതിലൂടെ വന്നുചേര്‍ന്നിരുന്നു.
ഉപമുഖ്യമന്ത്രി മോഹവും രണ്ട് തരം പൗരന്മാരും
യുഡിഎഫിന് ഭരണം കിട്ടിയാല്‍ ഉപമുഖ്യമന്ത്രിയാവാമെന്ന പ്രതീക്ഷയില്‍ ലോക്സഭാ അംഗത്വം രാജിവച്ച് നിയമസഭയില്‍ മത്സരിച്ചു. ജനങ്ങളുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ ചോദ്യം ചെയ്യാനോ തിരുത്താനോ ഉള്ള സംഘടനാ ശേഷി ഇല്ലാത്ത പാര്‍ട്ടിയായി ലീഗ് മാറി എന്നാണ് പൊതുവിൽ ഉയരുന്ന അഭിപ്രായം. മലബാറിലേയും തെക്കന്‍ ജില്ലകളിലേയും പ്രവര്‍ത്തകരെ രണ്ടു തരം പൗരന്മാരായി സംസ്ഥാന നേതൃത്വം കാണുന്നു എന്ന ആരോപണവും ഇതോടെ ശക്തമായി.
യുവതുര്‍ക്കികളുടെ വിപ്ലവം വിജയിക്കുമോ
എംഎസ്എഫിൽ തുടങ്ങി യൂത്ത് ലീഗിലൂടെ ഉയരുന്ന അസംതൃപ്തി മുസ്ലീംലീഗ് നേതൃത്വത്തിന് അറിയാവുന്ന വിഷയം തന്നെയാണ്. എന്നാൽ ഉന്നതാധികാര സമിതി ഇതൊന്നും കേൾക്കുകയോ ചർച്ച ചെയ്യുകയോ ഇല്ല. അതേസമയം യുവ നേതാക്കൾ പറയുന്നതിൽ ശരിയുണ്ടെന്ന നിലപാടിലേക്ക് മാറി വരുന്നവർ പാർട്ടിക്കുള്ളിൽ വർധിച്ച് വരികയാണ്. ഇനിയും ഈ നില തുടർന്നാൽ സർവനാശമായിരിക്കുമെന്ന ചിന്ത പാർട്ടി ഒറ്റക്കെട്ടായി ഉൾക്കൊണ്ടാൽ വലിയ മാറ്റം വരും. അതിനുള്ള ഡോസാണ് യൂത്തൻമാർ ശക്തമായി നൽകി കൊണ്ടിരിക്കുന്നത്.