കോഴിക്കോട്: സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ പ്രതിഷേധവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. സ്വാഗത ഗാനത്തിൽ കഫിയ ധരിച്ചയാളെ ഇന്ത്യൻ സൈന്യം പിടികൂടുന്നതായി ചിത്രീകരിച്ചു. ഇത് ഇസ്ലാം എന്നാൽ ഭീകരവാദമെന്ന പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ദൃശ്യാവിഷ്‌കാരം രൂപം നൽകിയ സംഘപരിവാർ പ്രവർത്തകനെ സംഘാടക സമിതി ആദരിക്കുകയും ചെയ്‌തു. സംഘപരിവാർ പ്രവർത്തകനെ ഈ പരിപാടിക്ക് തെരഞ്ഞെടുത്തത് എങ്ങനെയെന്ന് വ്യക്തമാക്കണം. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ഖേദം പ്രകടിപ്പിക്കണം.
ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണം. സംഘപരിവാറിനെ പ്രീണിപ്പിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. തെറ്റുതിരുത്താൻ തയാറായില്ലെങ്കിൽ പ്രതിഷേധിക്കുമെന്നും പികെ ഫിറോസ് വ്യക്തമാക്കി.