കോഴിക്കോട്: യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിനുള്ള സ്‌റ്റേ നീക്കി കോടതി. കോഴിക്കോട് പ്രിൻസിപ്പൽ മുൻസിഫ് കോടതിയാണ് തെരഞ്ഞെടുപ്പ് സ്‌റ്റേ നീക്കിയത്. യൂത്ത് കോൺഗ്രസിൽ ഭരണഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടത്തുന്നതെന്ന വാദം നിലനിൽക്കില്ല എന്ന് കോടതി നിരീക്ഷിച്ചതോടെ ഹർജിക്കാരൻ പിൻവാങ്ങുകയായിരുന്നു.
കോഴിക്കോട് കിണാശേരി മണ്ഡലത്തിലെ സ്ഥാനാർഥി ഷഹബാസാണ് കോടതിയെ സമീപിച്ചിരുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ സംഘടനയുടെ സംസ്ഥാന, ജില്ലാ, മണ്ഡലം ഭാരവാഹികളെ കണ്ടെത്താനുള്ള എല്ലാ തെരഞ്ഞെടുപ്പുകളും സ്‌റ്റേ ചെയ്‌തിരുന്നു.
യൂത്ത് കോൺഗ്രസിൽ ഭരണഘടനാപരമായല്ല തെരഞ്ഞെടുപ്പ് നടത്തുന്നത് എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. തെരഞ്ഞെടുപ്പ് താത്കാലികമായി സ്‌റ്റേ ചെയ്‌ത കോടതി വിഷയത്തിൽ വിശദമായ വാദം കേട്ടതിന് പിന്നാലെയാണ് സ്‌റ്റേ നീക്കിയത്.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞടുപ്പിൽ എ, ഐ എന്നീ ഗ്രൂപ്പുകളാണ് മത്സരിക്കുന്നത്. എ ഗ്രൂപ്പിൽ രാഹുൽ മാങ്കുട്ടവും ഐ ഗ്രൂപ്പിൽ അബിന്‍ വർക്കിയുമാണ് മത്സരിക്കുന്നത്. വോട്ടേടുപ്പ് നടപടികൾ പൂർത്തിയായ ശേഷം രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന അഭിമുഖത്തിന് ശേഷമാണ് പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വരിക.
യൂത്ത് കോൺഗ്രസ് സംഘടന തിരഞ്ഞെടുപ്പിൽ ഗ്രൂപ്പ് തിരിഞ്ഞുള്ള ശക്തമായ മത്സരമാണ് നടക്കുന്നത്. ജൂണ്‍ 28ന് തുടങ്ങിയ തെരഞ്ഞടുപ്പ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തോടെ മാറ്റി വെച്ചിരുന്നു. തുടർന്ന് വോട്ടെടുപ്പ് പുനരാരംഭിച്ച് ഓഗസ്‌റ്റ് 11ന് അവസാനിക്കുന്ന രീതിയിലായിരുന്നു തെരഞ്ഞടുപ്പ് നടത്താന്‍ ക്രമീകരിച്ചത്.
'വിത്ത് ഐവൈസി' എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്‌ത് കഴിഞ്ഞാൽ 50 രൂപ അടച്ച് അംഗത്വമെടുക്കണം. ശേഷം വോട്ടുചെയ്യാമെന്ന രീതിയിൽ ആയിരുന്നു ക്രമീകരണങ്ങൾ. സ്‌മാർട്ട്ഫോണ്‍ ആപ്ലിക്കേഷന്‍ വഴി ഏറ്റവും കൂടുതൽ വോട്ട് ലഭിക്കുന്ന ആളായിരിക്കും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
കഴിഞ്ഞ ജൂണ്‍ നാലിനായിരുന്നു സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ യോഗ്യത നേടിയവരുടെ അവസാന പേരുകൾ പ്രസിദ്ധീകരിച്ചത്. അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു പട്ടിക തയ്യാറാക്കിയതും പ്രസിദ്ധീകരിച്ചതും.
23 പേരായിരുന്നു തെരഞ്ഞടുപ്പ് പട്ടികയിൽ ഉണ്ടായിരുന്നത്. ഈ 23 പേരിൽ നിന്നായിരുന്നു അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാനായി രാഹുൽ മാങ്കുട്ടത്തേയും അബിന്‍ വർക്കിയേയും തെരഞ്ഞടുത്തത്. തെരഞ്ഞടുപ്പിന്‍റെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുമ്പോളായിരുന്നു കോടതിയുടെ സ്‌റ്റേ.
സംഘടനയുടെ ഭരണഘടന ഉൾപ്പെടെയുള്ള രേഖകൾ എതിർകക്ഷികൾ ഹാജരാക്കാതിരുന്നതിനാൽ സ്‌റ്റേ തുടരാന്‍ കോടതി തീരുമാനിക്കുകയായിരുന്നു. മണ്ഡലം, ജില്ല, സംസ്ഥാനം, എന്നിങ്ങനെ ഘട്ടമായി തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭരണഘടനയിൽ പറയുന്നത്.
അതിനാൽ ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്തുന്നത് ഭരണഘടന വിരുദ്ധമാണെന്ന് പരാതിയിൽ പറഞ്ഞിരുന്നു. കൂടാതെ കൃത്യമായ വോട്ടർ പട്ടിക ഇല്ലാതെയാണ് വോട്ട് രേഖപ്പെടുത്തിയതെന്നും ആർക്കുവേണമെങ്കിലും തെരഞ്ഞടുപ്പിൽ വോട്ട് ചെയ്യാമെന്നായിരുന്നു ഷഹബാസിന്‍റെ പരാതി.
കിണ്ണാശ്ശേരി മണ്ഡലം പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷഹബാസ് വടേരിയുടെ പരാതിയെ തുടർന്ന് കേസ് ഈ മാസം എട്ടിലേക്ക് മാറ്റിയിരുന്നു. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിൽ ഉൾപ്പെടെയുളളവർക്ക് കോടതി നോട്ടിസ് അയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല.