കോഴിക്കോട്: രോഗബാധിതയായ അമ്മയ്ക്ക് മരുന്നുവാങ്ങാന്‍ പോകുകയായിരുന്ന യുവാവിനെ എസ്‌ഐയും പൊലീസുകാരും മര്‍ദിച്ചതായി പരാതി. ചേലക്കാട് സ്വദേശി മലയില്‍ രജിലേഷിനെ എസ്ഐ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഇതിനിടയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിട്ടുണ്ട് . മര്‍ദനത്തില്‍ തലയ്ക്കും കൈക്കും പരിക്കേറ്റതായി രജിലേഷ് പറഞ്ഞു.
പിഴയടയ്ക്കാന്‍ കൈയില്‍ പണമില്ലെന്നും സ്റ്റേഷനില്‍ എത്തി അടയ്ക്കാമെന്നും പറഞ്ഞിട്ടും പൊലീസ് ചെവിക്കൊണ്ടില്ലെന്നും യുവാവ് പറയുന്നു. . രജിലേഷ് പൊലീസിനോട് സംസാരിക്കവേ പൊടുന്നനെ എസ്‌ഐ ജീപ്പിൽ നിന്ന് ചാടിയിറങ്ങി കുത്തിപ്പിടിക്കുകയും മർദിക്കുകയും ചെയ്യുന്നു. മറ്റു പോലീസുകാർ ചേര്‍ന്നു രജിലേഷിനെ ജീപ്പിനു പിന്നിലേക്കു പിടിച്ചുവലിച്ച് കൊണ്ടുപോയ ശേഷം പിന്നിലെ ഡോറിലൂടെ അകത്തേക്കു തള്ളിയിടുന്നതും ദൃശ്യങ്ങളില്‍ കാണാം.
കഴിഞ്ഞ ദിവസം കല്ലാച്ചി കുമ്മങ്കോട് റോഡില്‍ വാഹന പരിശോധന നടത്തുകയായിരുന്ന നാദാപുരം എസ്‌ഐ രാംജിത്ത് പി ഗോപി ഹെല്‍മെറ്റ് വെച്ചില്ലെന്ന കാരണം പറഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ച് പൊലീസ് ജീപ്പില്‍ തല ഇടിപ്പിക്കുകയായിരുന്നെന്ന് രജിലേഷ് പരാതിയിൽ പറയുന്നു. പൊലീസ് കംപ്ലെയ്‌ന്‍റ് അതോറിറ്റിക്കും നാദാപുരം മജിസ്ട്രേറ്റ് കോടതിയിലും യുവാവ് പരാതി നല്‍കിയിട്ടുണ്ട്.
എന്നാല്‍ കൊവിഡ് മാനദണ്ഡം ലംഘിച്ചതിനാണ് യുവാവിനെ പിടികൂടിയതെന്നാണ് പൊലീസിന്‍റെ വിശദീകരണം. പിടികൂടിയ ഉടനെ പൊലീസിനോട് യുവാവ് തട്ടിക്കയറുകയായിരുന്നുവെന്നും പൊലീസ് കേസെടുത്തതായും മര്‍ദിച്ചതായുള്ള ആരോപണം ശരിയല്ലെന്നുമാണ് പൊലീസിന്‍റെ വിശദീകരണം.