കോഴിക്കോട്: മകന്‍ ഐപിഎസുകാരനാണെന്ന് കാണിച്ച് വ്യാജ സാലറി സർട്ടിഫിക്കറ്റ് നിർമിച്ച് തട്ടിപ്പ് നടത്തിയ സ്‌ത്രീ കോഴിക്കോട് പിടിയിൽ. തലശേരി തിരുവങ്ങാട് മണൽവട്ടം കുനിയിൽ വേണുഗോപാലന്റെ ഭാര്യ ശ്യാമളയാണ് അറസ്റ്റിലായത്. ലോക്കൽ ഓഡിറ്റ് അക്കൗണ്ട്സിലെ പ്യൂൺ ആയിരുന്നു ഇവർ. ഓഫീസിൽ കൃത്രിമം കാട്ടി വ്യാജ രേഖ നിർമിച്ച് തട്ടിപ്പ് നടത്തിയതിനെ തുടർന്ന് ഇവരെ നേരത്തെ പിരിച്ചു വിട്ടിരുന്നു. തുടർന്ന് വിവിധ സ്ഥലങ്ങളിൽ വിവിധ വിലാസത്തില്‍ താമസിച്ച് വരികയായിരുന്നു ഇവര്‍.
മകൻ ഐപിഎസ് ഉദ്യോഗസ്ഥനാണെന്ന് കാണിച്ച് വ്യാജ സാലറി സർട്ടിഫിക്കറ്റ് ഉണ്ടാക്കി വിവിധ ബാങ്കുകളിൽ നിന്നും ലോണെടുത്ത് അസംബര കാറുകൾ വാങ്ങിക്കും. പിന്നീട് ആ ലോൺ ക്ലോസ് ചെയ്‌തതായുള്ള വ്യാജരേഖ ഉണ്ടാക്കും. ശേഷം അടുത്ത ബാങ്കിനെ സമീപിച്ച് വീണ്ടും വ്യാജ സാലറി സർട്ടിഫിക്കറ്റ് നിർമ്മിച്ച് ലോണെടുക്കും. ഐ.പിഎസ് ഉദ്യോഗസ്ഥൻ ആയതു കൊണ്ട് മറ്റന്വേഷണങ്ങളൊന്നും ഇല്ലാതെ തന്നെ ബാങ്കുകൾ ലോണ്‍ നല്‍കിയിരുന്നു. ഈ രീതിയിൽ ഗുരുവായൂരിലെ ആറോളം ബാങ്കുകളിൽ നിന്നായി ലോണ്‍ എടുത്ത് ആറോളം ആഡംബര കാറുകൾ ഇവർ വാങ്ങി വിൽപന നടത്തിയതായി പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും ഒരു ആഡംബര കാറും ബുള്ളറ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഐപിഎസ് ഉദ്യോഗസ്ഥയാണ് എന്നു പറഞ്ഞ് സൗഹൃദം നടിച്ച് ഒരു ബാങ്ക് മാനേജരുടെ കൈയിൽ നിന്നും 97 പവൻ സ്വർണവും 25 ലക്ഷം രൂപയും ഇവർ തട്ടിയെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ഗുരുവായൂർ മമ്മിയൂരിലെ നന്ദനം വില്ലാസിൽ വാടകക്ക് താമസിച്ചിരുന്ന ഇവർക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഇവിടെ നിന്നും മാറി കോഴിക്കോട് വാടക വീട്ടിൽ താമസിച്ച് വരികയായിരുന്നു. ഇവിടെ നിന്നാണ് പുലര്‍ച്ചെ ശ്യാമളയെ അറസ്റ്റ് ചെയ്തത്. പൊലീസ് എത്തിയ വിവരം കിട്ടിയ വ്യാജ ഐ.പി.എസുകാരനായ മകൻ കാർത്തിക് വേണുഗോപാൽ രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.