കോഴിക്കോട്: മൺസൂണിൽ പ്രത്യക്ഷപ്പെടുന്നത് അസാധാരണ മേഘരൂപീകരണമെന്ന് കുസാറ്റ് അഡ്വാൻസ്‌ഡ് സെന്‍റര്‍ ഫോർ അറ്റ്‌മോസ്‌ഫറിക് റഡാർ റിസർച് (അക്കാർ) ഡയറക്‌ടർ ഡോ. എസ് അഭിലാഷ്. 'മിനി ടൊർനാഡോ' എന്ന് വിശേഷിക്കാവുന്ന ജലസ്‌തംഭമാണ് കോഴിക്കോട് പ്രത്യക്ഷപ്പെട്ടതെന്നും അഭിലാഷ് ഇടിവി ഭാരതിനോട് പറഞ്ഞു.
മേഘങ്ങളിൽ നിന്നുള്ള വായു കാരണം ഉടലെടുക്കുന്ന ‘വിൻഡ് ഗസ്റ്റ്’ എന്ന കാറ്റാണ് ഈ പ്രതിഭാസത്തിന് കാരണം. വെള്ളയിൽ ഹാർബറിൽ ചുഴറ്റിയടിച്ച് വലിയ നാശനഷ്‌ടം ഉണ്ടാക്കിയത് ഈ പ്രതിഭാസത്തിന്‍റെ ഭാഗമാണെന്നും അഭിലാഷ് പറഞ്ഞു. മൺസൂണിൽ വ്യാപകമാകേണ്ട മഴ പ്രാദേശികമായി മാറിയതാണ് ഇതിന് കാരണം.
മുൻകൂട്ടി പ്രവചിക്കാനാവാത്ത ഈ പ്രതിഭാസം അഞ്ചോ പത്തോ മിനിട്ടു നേരത്തേക്കു മാത്രമെ നിലനിൽക്കുകയുള്ളൂ. അന്തരീക്ഷത്തിലെ ചൂടാണ് ഇതിന്‍റ പ്രധാന കാരണം. മഴ പെയ്‌താൽ സ്‌തംഭം മറയും. ഇതിൽ പെട്ടാൽ മത്സ്യബന്ധനബോട്ടുകൾ പോലും തകരും.
വെള്ളം തൂണുപോലെ ഉയരുന്ന ജലസ്‌തംഭം (വാട്ടർ സ്‌പൗട്ട്) വെള്ളിയാഴ്ച (ജൂലായ് 14) രാവിലെ പത്തോടെയാണ് വെള്ളയിൽ കടപ്പുറത്ത് പ്രത്യക്ഷപ്പെട്ടത്. 5 മിനിറ്റോളം നീണ്ടു നിന്ന ഈ പ്രതിഭാസത്തിൽ ആറ് ബോട്ടുകൾക്ക് കേടുപാടുകൾ സംഭവിച്ചിരുന്നു.