കോഴിക്കോട് : ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎം സെമിനാറിന് പിന്നാലെ ജനസദസ് സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസ്. ഈ മാസം 22 ന് കോഴിക്കോടാണ് ആദ്യ ജനസദസ് നടക്കുക. സാമൂഹ്യ രാഷ്‌ട്രീയ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിക്കും.
എന്നാല്‍ ഇടതുമുന്നണിയിലെ ഒരു പാർട്ടിയെയും ജനസദസിലേക്ക് ക്ഷണിക്കില്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്‍റ് അഡ്വ.പ്രവീൺ കുമാർ അറിയിച്ചു. സിപിഎം നയിക്കുന്ന ഇടതുമുന്നണിയിൽ വിശ്വാസം നഷ്‌ടപ്പെട്ടുവെന്നും ഡിസിസി കുറ്റപ്പെടുത്തി. തീവ്രവാദ നിലപാട് എടുക്കുന്ന വര്‍ ഒഴികെ എല്ലാ സാമുദായിക സംഘടനകളെയും ക്ഷണിക്കുമെന്നും ഡിസിസി വ്യക്തമാക്കി.
നിലപാട് ചോദ്യം ചെയ്‌ത് കോണ്‍ഗ്രസ് : ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ സിപിഎം സാമുദായിക വിഭജനത്തിന് ശ്രമിക്കുകയാണെന്ന് കെപിസിസി വർക്കിങ് പ്രസിഡന്‍റ് ടി.സിദ്ദിഖ് വിമര്‍ശിച്ചു. ഇഎംഎസിന്‍റെ നിലപാടാണോ എംവി ഗോവിന്ദന്‍റെ നിലപാടാണോ ശരിയെന്ന് സിപിഎം വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഡിഎഫിൽ ഭിന്നതയുണ്ടാക്കാനാണ് മുസ്‌ലിംലീഗിനെ സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഏകീകൃത സിവിൽ കോഡ് ഒരു സാമുദായിക വിഷയമായാണ് സിപിഎം കാണുന്നത്. അവർ ഇക്കാര്യത്തിൽ ഡ്രാക്കുളയാണ്. അടുത്ത തെരഞ്ഞെടുപ്പാണ് സിപിഎമ്മിന്‍റെ ലക്ഷ്യം. ഈ വർഷത്തെ ഇഎംഎസിന്‍റെ ലോകം എന്ന സെമിനാറിൽ ഏകീകൃത സിവിൽ കോഡും വ്യക്തി നിയമവും എന്ന വിഷയം ചർച്ച ചെയ്യാൻ സിപിഎമ്മിനെ വെല്ലുവിളിക്കുന്നുവെന്നും സിദ്ദിഖ് പറഞ്ഞു.
ഏകീകൃത സിവില്‍ കോഡില്‍ സിപിഎം സെമിനാര്‍ : ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ 15ന് കാലിക്കറ്റ് ട്രേഡ് സെന്‍ററില്‍ നടക്കുന്ന ജനകീയ ദേശീയ സെമിനാറില്‍ എല്ലാവര്‍ക്കും പ്രാതിനിധ്യം ഉണ്ടാകുമെന്ന് സംഘാടക സമിതി ജനറല്‍ കണ്‍വീനറും സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറിയുമായ പി.മോഹനന്‍ വ്യക്തമാക്കിയിരുന്നു. സെമിനാര്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. എം.വി ഗോവിന്ദന്‍, എളമരം കരീം, പന്ന്യന്‍ രവീന്ദ്രന്‍, എം.വി ശ്രേയാംസ് കുമാര്‍, പി.എ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.
മാത്രമല്ല വിവിധ സാമൂഹ്യസംഘടനകളെ പ്രതിനിധീകരിച്ച് സെമിനാറില്‍ ബിഷപ്പുമാരായ റെമീജിയോസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപത), റവ.ഡോ.ടി.ഐ ജെയിംസ് (സിഎസ്ഐ), സി.മുഹമ്മദ് ഫൈസി (കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന വൈസ് പ്രസിഡന്‍റ്, ചെയര്‍മാന്‍ ഹജ്ജ് കമ്മറ്റി), എന്‍.അലി അബ്‌ദുള്ള (കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി), മുക്കം ഉമ്മര്‍ ഫൈസി (സെക്രട്ടറി, സമസ്‌ത ജംഇയ്യത്തുല്‍ ഉലമ, ഹജ്ജ് കമ്മറ്റി അംഗം), പി.എം അബ്ദുള്‍ സലാം ബാഖവി (സമസ്‌ത കേന്ദ്ര മുശാവറ), ടി.പി അബ്‌ദുള്ളക്കോയ മദനി (പ്രസിഡന്‍റ്, കെ.എന്‍.എം), ഡോ.ഹുസൈന്‍ മടവൂര്‍ (കെ.എന്‍.എം) സി.പി ഉമ്മര്‍ സുല്ലമി (ജനറല്‍ സെക്രട്ടറി, മര്‍ക്കസ് ദുവ), ഡോ.ഐ.പി അബ്‌ദുള്‍ സലാം (ഹജ്ജ് കമ്മിറ്റിയംഗം, മര്‍ക്കസ് ദുവ) ഡോ.ഫസല്‍ ഗഫൂര്‍ (പ്രസിഡന്‍റ്, എം.ഇ.എസ്), ടി.കെ അഷ്റഫ് (വിസ്‌ഡം ഗ്രൂപ്പ്), ഒ.ആര്‍ കേളു എം.എല്‍.എ (ആദിവാസി ക്ഷേമസമിതി), പുന്നല ശ്രീകുമാര്‍ (ജനറല്‍ സെക്രട്ടറി, കെ.പി.എം.എസ്), രാമഭദ്രന്‍ (കേരള ദളിത് ഫെഡറേഷന്‍) കലാസാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കുമെന്നും സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ വ്യക്തമാക്കി.