കോഴിക്കോട്: നാദാപുരത്തെ ഇരിങ്ങണ്ണൂര്‍ കല്ലാച്ചേരികടവിലെ അനധികൃത പശു വളര്‍ത്തുകേന്ദ്രം ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു. പക്ഷിപ്പനി ഉള്‍പ്പെടെയുളള രോഗങ്ങള്‍ പടര്‍ന്ന് പിടിക്കുമ്പോഴാണ് അനുമതിയില്ലാതെയും വൃത്തിഹീനമായും പ്രവർത്തിക്കുന്ന പശു വളര്‍ത്തു കേന്ദ്രം പ്രദേശവാസികള്‍ക്ക് ഭീഷണിയായത്.പഞ്ചായത്തില്‍ നിന്നോ ആരോഗ്യ വകുപ്പില്‍ നിന്നോ അനുമതി വാങ്ങാതെയാണ് ഫാമിന്‍റെ പ്രവര്‍ത്തനം.
ഫാം പ്രവര്‍ത്തനം തുടങ്ങിയിട്ട് അഞ്ച് മാസക്കാലമായി. ഇടുങ്ങിയ ഷെഡില്‍ 12 പശുക്കളെയും 30 ആടുകളെയും ഇവിടെ വളർത്തുന്നുണ്ട്. കുളമ്പ് രോഗവും അകിട് വീക്കവും ഉള്‍പ്പെടെ പശുക്കളെ ബാധിച്ചിട്ടുണ്ട്. പശുക്കളുടെ കാലിലും ദേഹമാസകലവും മുറിവേറ്റ നിലയിലാണ് . ചില പശുക്കളെ തെരുവു പട്ടികള്‍ അക്രമിച്ചതായും ഇത്തരത്തില്‍ ഒരു പശു അടുത്തിടെ ചത്തതായും നാട്ടുകാര്‍ പറയുന്നു. ലിറ്റര്‍ കണക്കിന് പാല്‍ ഇവിടെ നിന്ന് മേഖലയിലെ വീടുകളിലും, കടകളിലും വിറ്റഴിക്കുന്നുണ്ട് . ഫാമിലെ പശുക്കുട്ടികള്‍ രോഗം മൂലം ദേഹമാസകലം പഴുത്ത് പുഴുവരിച്ച് അവശനിലയിലാണ്. കൂടാതെ ഇവിടെയുള്ള മലിനജലം ഒഴുക്കുന്നത് തൊട്ടടുത്തുളള മയ്യഴി പുഴയിലേക്കുമാണ്.
ഫാമിന്‍റെ ഉടമ വിദേശത്താണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. നേപ്പാള്‍ സ്വദേശിയായ യുവാവും ഭാര്യയുമാണ് ഇവിടെ ജോലി ചെയ്യുന്നത്. മാലിന്യ പ്രശ്‌നം രൂക്ഷമായതോടെ പ്രദേശവാസികള്‍ പഞ്ചായത്തിലും പൊലീസിലും പരാതി നല്‍കി. കഴിഞ്ഞ ദിവസം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.