കോഴിക്കോട് : കെ.എസ്.ആർ.ടി.സി ബസിൽ യുവതിക്ക് നേരെ അതിക്രമമുണ്ടായപ്പോള്‍ സമയോചിതമായി ഇടപെടാതിരുന്ന കണ്ടക്ടർക്ക് സസ്പെൻഷൻ. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടർ വി.കെ ജാഫറിനെ സസ്‌പെന്‍ഡ് ചെയ്തതായി കെ.എസ്.ആർ.ടി.സി അറിയിച്ചു. ഗതാഗത മന്ത്രി ആന്റണി രാജുവിന്‍റെ അടിയന്തര ഇടപെടലിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി.
യുവതി പരാതിപ്പെട്ടപ്പോൾ തന്നെ കണ്ടക്ടർ പ്രതികരിക്കേണ്ടതായിരുന്നുവെന്നും. ഇക്കാര്യത്തിൽ ജാഫറിന് വീഴ്‌ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് സൂപ്പർ ഡീലക്സ് ബസിൽ എറണാകുളത്തിനും തൃശൂരിനുമിടയിൽ അധ്യാപികയ്ക്ക് നേരെ അതിക്രമം ഉണ്ടായത്.
മോശം അനുഭവം ഉണ്ടായ ശേഷം കണ്ടക്‌ടറോട് പരാതിപ്പെട്ടിട്ടും കൃത്യമായ നടപടി സ്വീകരിക്കാൻ തയ്യാറായില്ലെന്നായിരുന്നു യുവതിയുടെ പരാതി. അതിക്രമം നടത്തിയ സഹയാത്രികനെതിരെ സംഭവ ദിവസം തന്നെ പൊലീസ് കേസെടുത്തിരുന്നു.