കോഴിക്കോട് : ഓടുന്ന ട്രെയിനിൽ നിന്നും സഹയാത്രികൻ യുവാവിനെ തള്ളിയിട്ട് കൊലപ്പെടുത്തി. യുവാവിനെ ആക്രമിക്കുന്നതും പുറത്തേക്ക് തള്ളിയിടുന്നതും ഇയാൾ മൊബൈലിൽ ചിത്രീകരിക്കുകയും ചെയ്‌തു. സംഭവത്തിൽ തമിഴ്‌നാട് ശിവഗംഗ സ്വദേശി സോനു മുത്തുവിനെ (48) റെയിൽവേ പൊലീസ് അറസ്‌റ്റ് ചെയ്‌തു. 25 വയസ് പ്രായം തോന്നിക്കുന്ന മരണമടഞ്ഞ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവം നടന്നതിങ്ങനെ : മംഗളൂരു തിരുവനന്തപുരം മലബാർ എക്‌സ്‌പ്രസിൽ ഞായറാഴ്‌ച രാത്രി പത്തരയ്ക്കുശേഷമാണ് സംഭവം നടന്നത്. കൊയിലാണ്ടിക്കടുത്ത് ആനക്കുളം റെയിൽവേ ഗേറ്റിന് സമീപമാണ് യുവാവ് വീണത്. ട്രെയിൻ യാത്രയ്ക്കിടെ സോനു മുത്തുമായി യുവാവ് തർക്കത്തിൽ ഏർപ്പെടുകയും പിന്നാലെ ആക്രമിച്ച് പുറത്തേക്ക് തള്ളിയിടുകയും ആയിരുന്നു.
മറ്റ് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ കോഴിക്കോട് എത്തിയ സമയത്ത് റെയിൽവേ പൊലീസ് മുത്തുവിനെ കസ്‌റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച പ്രതി പക്ഷേ എന്തിനാണ് യുവാവിനെ ആക്രമിച്ചത് എന്നത് വ്യക്തമാക്കിയിട്ടില്ല. അതേസമയം കൊല്ലപ്പെട്ട യുവാവിനെ അറിയില്ലെന്നും സോനുമുത്തു മൊഴി നൽകി. സോനുവിന്‍റെ മൊഴിയിലെ വൈരുധ്യം പൊലീസ് പരിശോധിക്കുന്നുണ്ട്.
ട്രെയിനിൽ നിന്ന് വീണ് പരിക്കേറ്റ യുവാവിനെ ആദ്യം കൊയിലാണ്ടി ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജിലും എത്തിക്കുകയായിരുന്നു. പക്ഷേ ജീവന്‍ രക്ഷിക്കാനായില്ല. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇതിനിടയിൽ യുവാവും സോനുമുത്തുവും തമ്മിൽ ട്രെയിനിൽ വച്ച് നടത്തിയ തർക്കത്തിന്‍റെ വീഡിയോ ദൃശ്യം പുറത്തുവന്നു. ഇരുവരും തമ്മിലുള്ള വാക്ക് തർക്കം രൂക്ഷമായപ്പോൾ സഹയാത്രികർ എടുത്തതാണ് വീഡിയോ ദൃശ്യങ്ങൾ. അവ പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. കേസ് അന്വേഷണത്തിൽ വീഡിയോ ദൃശ്യങ്ങൾ നിർണായക തെളിവ് ആകും.