കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയില്‍ ഇന്ന് കുറ്റപത്രം സമർപിക്കാനിരുന്നത് നാളത്തേക്ക് മാറ്റിവച്ചു. വടകര റൂറല്‍ എസ്.പി കെ.ജി സൈമണിന്റെ നേതൃത്വത്തില്‍ അന്വേഷണസംഘം അന്തിമ വിലയിരുത്തല്‍ പൂര്‍ത്തിയാക്കി. പൊന്നാമറ്റം റോയ് തോമസ് വധത്തില്‍ ഭാര്യ ജോളിയുള്‍പ്പെടെ നാല് പ്രതികളാണുള്ളത്.
ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയ ജ്വല്ലറി ജീവനക്കാരനും ബന്ധുവുമായ എം.എസ്.മാത്യു, മാത്യുവിന് സയനൈഡ് കൈമാറിയ സ്വര്‍ണപ്പണിക്കാരന്‍ പ്രജികുമാര്‍, വ്യാജ ഒസ്യത്തുണ്ടാക്കാന്‍ ജോളിയെ സഹായിച്ച മുന്‍ സിപിഎം നേതാവ് കെ.മനോജ് എന്നിവരാണ് മറ്റു പ്രതികള്‍. കൊലപാതക പരമ്പരയിലെ ആദ്യ കുറ്റപത്രമാണ് താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പിക്കുക.
2011 ഒക്ടോബര്‍ മുപ്പതിനായിരുന്നു ജോളിയുടെ ആദ്യ ഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡ് ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ആറ് കൊലപാതകങ്ങളില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമായിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്തത്.