കോഴിക്കോട് : താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും വെറുതെ വിട്ട് കോടതി (Thamarassery Forest Office Attack Case). കോഴിക്കോട് സ്പെഷ്യൽ അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. കേസിൽ ആകെ 34 പ്രതികളാണ് ഉണ്ടായിരുന്നത്.
29 സാക്ഷികളെ കേസില്‍ വിസ്‌തരിച്ചു. കേസിലെ നിർണായക സാക്ഷികളായ മൂന്ന് പേർ കൂറുമാറിയിരുന്നു. ഫോറസ്റ്റ് റേഞ്ച് ഓഫിസർ ടി എസ് സജു, ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുബ്രഹ്മണ്യൻ, സിവിൽ പൊലീസ് ഓഫിസർ സുരേഷ് എന്നിവരാണ് കൂറുമാറിയത്. മൂന്ന് സാക്ഷികളെയും വിസ്‌തരിക്കാൻ കോടതി ഉത്തരവിട്ടിരുന്നു.
പുതുതായി സാക്ഷി വിസ്‌താരം അനുവദിക്കരുതെന്ന പ്രതിഭാഗത്തിന്‍റെ വാദം തള്ളി കോടതി നിർദേശം നൽകിയ കേസിലാണ് മുഴുവൻ പ്രതികളെയും വെറുതെ വിട്ടിരിക്കുന്നത്. 2013 നവംബർ 15ന് കസ്‌തൂരിരംഗൻ വിഷയത്തിൽ നടന്ന ഹർത്താലിനിടെയാണ് വനം വകുപ്പ് ഓഫിസ് ആക്രമിക്കപ്പെട്ടത് (Thamarassery Forest Office).
മലയോര മേഖല അതിന് മുമ്പ് കാണാത്ത രീതിയിലുളള അഴിഞ്ഞാട്ടമായിരുന്നു പട്ടാപ്പകല്‍ അരങ്ങേറിയത്. മലയോര മേഖലകളില്‍ നിന്ന് ടിപ്പറുകളിലും ചെറു ലോറികളിലുമായി എത്തിയ ആള്‍ക്കൂട്ടം താമരശേരി വനം വകുപ്പ് ഓഫിസ് ആക്രമിക്കുകയും ഫയലുകള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്‌തു. വനം വകുപ്പ് ജീവനക്കാരെ ആക്രമിക്കുകയും ചെയ്‌തിരുന്നു. കെഎസ്ആര്‍ടിസി ബസും മാധ്യമങ്ങളുടേതടക്കം നിരവധി വാഹനങ്ങളും അക്രമികള്‍ തകര്‍ത്തു. മണിക്കൂറുകളോളമാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം നിലനിന്നത്.
ലോക്കല്‍ പൊലീസ് തുടക്കമിട്ട അന്വേഷണം പിന്നീട് ജില്ല ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. അക്രമികളുടെ ദൃശ്യങ്ങളും ഇവര്‍ എത്തിയ വാഹനങ്ങളും ആക്രമണത്തിന് ഉപയോഗിച്ച ആയുധങ്ങളും അടക്കം നിര്‍ണായക തെളിവുകളെല്ലാം അന്വേഷണ സംഘം ശേഖരിച്ചു. നൂറുകണക്കിന് ആളുകള്‍ അക്രമത്തിലുണ്ടായിരുന്നു എങ്കിലും കൃത്യമായ തെളിവുകളോടെ 34 പേരെയാണ് പ്രതി ചേർത്തിരുന്നത്.
സംഭവത്തിന് ദൃക്‌സാക്ഷികളാവുകയും പ്രതികളെ പിടികൂടുകയും ചെയ്‌ത ഉദ്യോഗസ്ഥര്‍ അടക്കമുളളവരെ സാക്ഷികളാക്കി. ഇതുവഴി കേസിന് ബലം പകരാം എന്നായിരുന്നു അന്വേഷണം നടത്തിയ ജില്ല ക്രൈം ബ്രാഞ്ചിന്‍റെ പ്രതീക്ഷ. എന്നാല്‍ ഏറ്റവും നിര്‍ണായക സാക്ഷികളാണ് പിന്നീട് കൂറുമാറിയത്.
Also Read: താമരശ്ശേരി ഫോറസ്റ്റ് ഓഫിസ് ആക്രമണ കേസ്; വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും കൂറുമാറി
അതേസമയം വിചാരണ നടന്നുകൊണ്ടിരിക്കെ നിര്‍ണായകമായ കേസ് ഡയറി കാണാതാവുകയും ചെയ്‌തിരുന്നു. താമരശ്ശേരി സ്റ്റേഷനിലും ഡിവൈഎസ്‌പി ഓഫിസിലുമായി സൂക്ഷിച്ചിരുന്ന കേസ് ഡയറി കാണാതായെന്ന കാര്യം അന്നത്തെ ഡിവൈഎസ്‌പി തന്നെയായിരുന്നു കോടതിയെ അറിയിച്ചത്. അക്രമ സംഭവങ്ങളിൽ 77 ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം ഉണ്ടായി എന്നാണ് സര്‍ക്കാര്‍ കണക്ക്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെ ശ്രമിക്കുന്നു എന്ന് ഇതിനിടെ വിമര്‍ശനം ഉയര്‍ന്നിരുന്നു.